രണ്ടും കല്‍പ്പിച്ച് കേരളാ പൊലീസ്, 'തെളിവൊന്നുമില്ല, തേഞ്ഞുമാഞ്ഞ് പോകുമായിരുന്ന കേസ്'; ഒടുവില്‍ പ്രതി പിടിയില്‍

By Web Team  |  First Published May 19, 2024, 1:49 AM IST

വയോധികയെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാറിന്റെ നിറത്തെ കുറിച്ചുള്ള സൂചന മാത്രമാണ് പൊലീസിന് കിട്ടിയത്.


കോട്ടയം: തെളിവൊന്നുമില്ലാതെ തേഞ്ഞുമാഞ്ഞ് പോകുമായിരുന്നൊരു വാഹനാപകടക്കേസ് മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെ തെളിയിച്ച്  മുണ്ടക്കയം പൊലീസ്. രണ്ടായിരത്തിലേറെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചുമാണ് അപകടമുണ്ടാക്കിയ വാഹനവും ഓടിച്ച ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവം ഇങ്ങനെ: തങ്കമ്മ എന്ന എണ്‍പത്തിയെട്ടുകാരി വാഹനാപകടത്തില്‍ മരിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന്. വയോധികയെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാറിന്റെ നിറത്തെ കുറിച്ചുള്ള സൂചന മാത്രമാണ് പൊലീസിന് കിട്ടിയത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണെന്നും വിവരം കിട്ടി. കാര്യമായ സമ്മര്‍ദ്ദമൊന്നും ഇല്ലാത്തതു കൊണ്ടു തന്നെ വിട്ടുകളയാമായിരുന്ന കേസായിട്ടും മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കാറിനു പിന്നാലെ യാത്ര തുടങ്ങി. 

Latest Videos

undefined

അപകടം നടന്ന കോരുത്തോടിനും മൂന്നാറിനും ഇടയിലെ 120 കിലോമീറ്റര്‍ ദൂരത്തിലെ സിസി ടിവികള്‍ മുഴുവന്‍ അരിച്ചു പെറുക്കി. ഒടുവില്‍ മൂന്നാറില്‍ നിന്ന് അപകടം ഉണ്ടാക്കിയ കാറിന്റെ നമ്പര്‍ കിട്ടി. തെലങ്കാന രജിസ്‌ട്രേഷനിനുളള കാറാണെന്ന് വ്യക്തമായതോടെ പൊലീസ് സംഘം അവിടെയെത്തി. കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ പിന്നെയും ട്വിസ്റ്റ്. 

കാര്‍ വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നെന്ന് ഉടമ പറഞ്ഞതോടെ വാടകയ്ക്ക് കാറെടുത്തു കൊണ്ടുപോയ ആളെ അന്വേഷിക്കാന്‍ പിന്നെയും മെനക്കെടേണ്ടി വന്നു. ഒടുവില്‍ കരിംനഗര്‍ ജില്ലയിലെ തിമ്മപൂര്‍ എന്ന സ്ഥലത്തു നിന്ന് വണ്ടിയോടിച്ച ദിനേശ് റെഡ്ഢിയെ കേരളാ പൊലീസ് പൊക്കി. വാഹനാപകടത്തില്‍ നിന്ന് സമര്‍ഥമായി രക്ഷപ്പെട്ടെന്ന് കരുതി ആശ്വസിച്ചിരുന്ന ദിനേശ് റെഡ്ഢിയെ മനപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. സാധാരണക്കാര്‍ ഇരകളാകുന്ന കേസിലെ വീഴ്ചകളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന പൊലീസ് സേനയ്ക്കാകെ ആശ്വാസവും അഭിമാനവുമായി മുണ്ടക്കയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.

എഞ്ചിനില്‍ തീ; ബംഗളൂരു-കൊച്ചി വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് 
 

click me!