കാർ ഇടിച്ച് ബൈക്ക് കാറിനടിയിൽ കുടുങ്ങി, 2 കിലോമീറ്ററോളം ചീറിപ്പാഞ്ഞ വാഹനങ്ങൾ നടുറോഡിൽ അഗ്നിഗോളമായി

By Web Team  |  First Published Aug 5, 2024, 11:33 AM IST

രണ്ട് കിലോമീറ്ററോളം കാറിലുടക്കിയ ബൈക്കുമായി പായുന്നതിനിടയിലാണ് റോഡിലുരഞ്ഞ് ബൈക്കിന് തീ പിടിക്കുന്നതും ഇത് കാറിലേക്ക് പടരുന്നത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ നിർത്തിയ ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളും സിസിടിവിയിൽ നിന്ന് ലഭ്യമായിട്ടുണ്ട്


ദില്ലി:  കാറിൽ കുടുങ്ങിയ ബൈക്കുമായി യുവാവ് വാഹനമോടിച്ചത് കിലോമീറ്ററുകൾ. ഇതിനിടെ ബൈക്ക് റോഡിലുരഞ്ഞ് ഇരുവാഹനങ്ങളും അഗ്നിഗോളമായി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഇരുവാഹനത്തിലെയും ഡ്രൈവർമാർ. ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചെന്ന് വിവരത്തിന് പിന്നാലെ അഗ്നി നിയന്ത്രിക്കാനായി എത്തിയ രക്ഷാപ്രവർത്തകരാണ് കാറിന് അടിയിൽ കുടുങ്ങിയ നിലയിൽ മറ്റൊരു വാഹനം കണ്ടെത്തിയത്. 

കാർ ഓടിച്ചിരുന്നയാൾ സ്ഥലത്ത് നിന്ന് മുങ്ങിയതോടെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവിച്ചതിന്റെ തീവ്രത പൊലീസിന് വ്യക്തമാവുന്നത്. ദില്ലിയിലെ ജൻദേവാലനിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വാഹനങ്ങൾ രണ്ടും പൂർണമായി കത്തിനശിച്ച അവസ്ഥയിൽ ആയതിനാലാണ് സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് പരിസര പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചത്.  അമിത വേഗതയിലെത്തി വാഹനം ഇടിച്ചിട്ട് കടന്നുപോയ സംഭവമാണ് ദില്ലിയുടെ ഹൃദയഭാഗത്തുണ്ടായത്. 

Latest Videos

undefined

അമിത വേഗതയിലെത്തി ബൈക്കിൽ ഇടിച്ചതിന് പിന്നാലെ വാഹനം നിർത്താൻ പോലും തയ്യാറാകാതെയായിരുന്നു കാർ ഡ്രൈവർ പാഞ്ഞത്. രണ്ട് കിലോമീറ്ററോളം കാറിലുടക്കിയ ബൈക്കുമായി പായുന്നതിനിടയിലാണ് റോഡിലുരഞ്ഞ് ബൈക്കിന് തീ പിടിക്കുന്നതും ഇത് കാറിലേക്ക് പടരുന്നത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കാർ നിർത്തിയ ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളും സിസിടിവിയിൽ നിന്ന് ലഭ്യമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളെ ചുറ്റിയുള്ള അന്വേഷണത്തിലാണ് സർക്കാർ ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായത്. ബൈക്ക് ടാക്സി വാഹനമാണ് സർക്കാർ ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് തെറിപ്പിച്ചത്. ഗുരുവിന്ദർ എന്ന യുവാവ് ഇടിയുടെ ആഘാതത്തിൽ തെറിച്ച് പോയതിനാൽ  ഇയാൾക്ക് സാരമായ പരിക്കുകളുണ്ട്. 

എന്നാൽ അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നയാൾ വാഹനം നിർത്താതെ പാഞ്ഞുപോവുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാവുന്നത്. കാറിലെ നമ്പറുകളുടെ അടിസ്ഥാനത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ സി മീണയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ രക്ത സാംപിൾ പരിശോധനയ്ക്കായി അയച്ചതായാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്.  റോഡിൽ അഗ്നിഗോളമായി കാർ. അഗ്നിരക്ഷാ പ്രവർത്തകരെത്തി തീയണക്കുമ്പോൾ കണ്ടെത്തിയത് പൂർണമായും കത്തിക്കരിഞ്ഞ രണ്ട് വാഹനങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!