എന്തിനെന്റെ കുഞ്ഞിനെ കൊന്നു ? അവനെ നീ എന്താണ് ചെയ്തത്? ഒന്നിച്ചിരുത്തിയതോടെ വഴക്കടിച്ച് സിഇഒയും ഭർത്താവും

By Web TeamFirst Published Jan 14, 2024, 11:09 PM IST
Highlights

ചോദ്യംചെയ്യാൻ ഒന്നിച്ചിരുത്തി,  വഴക്കടിച്ച് കു‍ഞ്ഞിനെ കൊന്ന സിഇഒയും ഭർത്താവും, പാടുപെട്ട് പൊലീസ് 

ഗോവ: ഗോവയിലെ അപ്പാർട്ട്മെന്‍റിൽ സ്വന്തം കു‍ഞ്ഞിനെ കൊലപ്പെടുത്തിയ സ്റ്റാർട്ടപ്പ് സിഇഒ സുചന സേഥിനെ ഭർത്താവ് വെങ്കട്ട് രാമനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടി പൊലീസ്. എന്തിനാണ് എന്‍റെ കുഞ്ഞിനെ കൊന്നതെന്ന് വെങ്കട്ട് രാമൻ സുചനയോട് ചോദിച്ചപ്പോൾ താനൊന്നും ചെയ്തില്ലെന്നായിരുന്നു സുചനയുടെ മറുപടി.

കേസന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി സുചനയെയും വെങ്കട്ട് രാമനെയും വെവ്വേറെ ചോദ്യം ചെയ്ത് വരികയായിരുന്നു ഗോവയിലെ കാലൻഗുണ്ടെ പൊലീസ്. ഇരുവരെയും ഒന്നിച്ചിരുത്തി ഇന്നലെ ചോദ്യം ചെയ്തപ്പോഴാണ് രണ്ട് പേരും തമ്മിൽ വാഗ്വാദമുണ്ടായത്. എന്താണ് തന്‍റെ കുഞ്ഞിനെ ചെയ്തതെന്നും, എന്തിനാണ് ഇങ്ങനെ എന്നെ ദ്രോഹിച്ചതെന്നും വെങ്കട്ട് രാമൻ സുചനയോട് ചോദിച്ചു. താനൊന്നും കുഞ്ഞിനെ ചെയ്തിട്ടില്ലെന്ന് മറുപടി നൽകിയ സുചന വെങ്കട്ട് രാമനെ കുറ്റപ്പെടുത്തി.

Latest Videos

ആദ്യം പൊലീസിനോട് താൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് പറഞ്ഞ സുചന പിന്നീട് മൊഴി മാറ്റിയിരുന്നു. താൻ ഉറങ്ങാൻ കിടന്നപ്പോൾ കുഞ്ഞിനൊരു കുഴപ്പവും ഇല്ലായിരുന്നെന്നും എഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നെന്നുമായിരുന്നു സുചനയുടെ രണ്ടാമത്തെ മൊഴി. ഇതേ മൊഴിയിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് സുചന സേഥ്. കഴിഞ്ഞ ഒരു വർഷമായി വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് നടക്കുകയായിരുന്നതിനാൽ ഇടയ്ക്കിടെ മാത്രമാണ് വെങ്കട്ട് രാമൻ കുഞ്ഞിനെ വന്ന് കണ്ടിരുന്നത്. ഡിസംബർ 10-നാണ് കുഞ്ഞിനെ വെങ്കട്ട് രാമൻ അവസാനം കണ്ടത്. ജനുവരി 5-ന് വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ അച്ഛന് വിട്ടുകൊടുക്കാൻ വിധി വന്നേക്കുമോ എന്ന് പേടിച്ചാണോ സുചന കുട്ടിയോട് ഈ ക്രൂരത കാണിച്ചത് എന്ന് സംശയിക്കുന്നുവെന്ന് വെങ്കട്ട് രാമന്‍റെ അഭിഭാഷകൻ പറഞ്ഞു.

ജനുവരി 8-നാണ് സുചന നോർത്ത് ഗോവയിലെ സർവീസ് അപ്പാർട്ട്മെന്‍റിൽ നിന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ബെംഗളുരുവിലേക്ക് ടാക്സി മാർഗം തിരിച്ചത്. ഫ്ലാറ്റിൽ രക്തക്കറ കണ്ട ക്ലീനിംഗ് സ്റ്റാഫ് നൽകിയ വിവരം അനുസരിച്ചാണ് സുചന സഞ്ചരിച്ച വാഹനം പൊലീസ് സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചതും വണ്ടിയിൽ നിന്ന് കുഞ്ഞിന്‍റെ മൃതദേഹം കണ്ടതും. ചോദ്യം ചെയ്യൽ തുടരുമെന്നും വിശദമായ അന്വേഷണത്തിനായി സുചനയുടെ കസ്റ്റഡി കാലാവധി നീട്ടിച്ചോദിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. 

click me!