നാദാപുരത്ത് റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്നു, ജീപ്പിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടി വൻ സ്ഫോടനം

By Web Team  |  First Published Apr 11, 2024, 11:17 AM IST

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീപടര്‍ന്ന് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. 


നാദാപുരം: കോഴിക്കോട് നാദാപുരം മുടവന്തേരിയില്‍ ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീ പടര്‍ന്ന് സ്ഫോടനം. സ്ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുടവന്തേരിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെരുന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച്  പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീപടര്‍ന്ന് സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തിൽ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയോടെ റോഡില്‍ വെച്ച് യുവാക്കള്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ പടക്കം സൂക്ഷിച്ചിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീപടരുകയും സ്ഫോടനം ഉണ്ടാകുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ജീപ്പിന്റെ പല ഭാഗങ്ങളും മീറ്ററുകളോളം ദൂരത്ത് തെറിച്ചുവീണ നിലയിലാണ്. 

Latest Videos

undefined

അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ നാദാപുരം മുടവന്തേരി സ്വദേശികളാണ്. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടേയും പരിക്ക് ഗുരുതരമല്ല. പൊതു സ്ഥലത്ത് റോഡില്‍വെച്ചാണ് യുവാക്കള്‍ പടക്കം പൊട്ടിച്ചത്. സംഭവത്തില്‍ നാദാപുരം പൊലീസ് 13 പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസ്സ്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് നാദാപുരം പൊലീസ് അറിയിച്ചു. 

Read More :  '13 വർഷം മുമ്പ് മരിച്ച മകൻ അപകടത്തിൽപ്പെട്ടു, കേസാകും', മലയാളി വീട്ടമ്മക്ക് ഒരു ഫോൺ കോൾ, സൈബർ തട്ടിപ്പ് ഇങ്ങനെ

click me!