ന്യൂഇയർ മുന്നിൽ കണ്ട് നവംബറിലേ തുടങ്ങി, 6 കോടി മുടക്കി എല്ലാം ശേഖരിച്ചു, അച്ചുവിന്റെ 'ബിസിനസ്' പൊളിച്ച് പൊലീസ്

By Web Team  |  First Published Nov 23, 2024, 3:15 PM IST

കാപ്പാ കേസ് അടക്കം 15ലേറെ കേസുകളുള്ള കോട്ടയം അതിരമ്പുഴ സ്വദേശിയാണ് യുവതി അടക്കമുള്ള സഹായികൾക്കൊപ്പം ബെംഗളൂരുവിൽ 318 കിലോ കഞ്ചാവുമായി പിടിയിലായത്


ബെംഗളൂരു: ക്രിസ്തുമസ് ആവുന്നതിന് മുൻപ് തന്നെ പുതുവൽസരാഘോഷത്തിന് ലഹരി വിരുന്നൊരുക്കാനുള്ള ഒരുക്കങ്ങൾ നടത്തിയ കോട്ടയം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ.  കേരളത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുള്ള കോട്ടയം സ്വദേശിയായ 28കാരനാണ് അറസ്റ്റിലായത്.  കാപ്പാ കേസ് പ്രതി കൂടിയായ അച്ചു സന്തോഷാണ് 318 കിലോയിലേറെ കഞ്ചാവുമായി ബെംഗളൂരുവിൽ അറസ്റ്റിലായത്. യുവതി അടക്കം രണ്ട് സഹായികളും ഇയാൾക്കൊപ്പം ബെംഗളൂരുവിൽ അറസറ്റിലായിരിക്കുന്നത്. 

കഴിഞ്ഞ ദിവസം നടന്ന പൊലീസ് റെയ്ഡിൽ രണ്ട് സംഭവങ്ങളിലായി 6.25 കോടിയുടെ ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ഗോവിന്ദപുര പൊലീസാണ് ഒഡീഷയിൽ നിന്ന് 3 കോടിയുടെ കഞ്ചാവുമായി എത്തിയ അച്ചു സന്തോഷിനേയും സഹായികളേയും അറസ്റ്റ് ചെയ്തത്. കോട്ടയം അതിരമ്പുഴ സ്വദേശിയാണ് അച്ചു സന്തോഷ്. ബെംഗളൂരു സ്വദേശിയായ 29കാരൻ സമീർ ഖാൻ ഇയാളുടെ ഭാര്യയും 28കാരിയുമായ രേഷ്മ സമീർ ഖാനുമാണ് അറസ്റ്റിലായത്. 15ലേറെ കേസുകൾ അച്ചുവിനെതിരെയുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. അടുത്തിടെ ബെംഗളൂരുവിലെത്തിയപ്പോഴാണ് അച്ചു സന്തോഷ് സമീർ ഖാനെ പരിചയപ്പെടുന്നത്. പെട്ടന്ന് പണമുണ്ടാക്കാനും ബിസിനസ് കർണാടകയിലും വിപുലമാക്കാനുമുള്ള അച്ചുവിന്റെ ആശയത്തിൽ താൽപര്യം തോന്നിയതോടെ സമീറും ഇയാൾക്കൊപ്പം കൂടുകയായിരുന്നു. സമീറിന്റെ മാരുതി എർട്ടിഗയിൽ ഒഡിഷയിലെത്തി കഞ്ചാവുമായി മടങ്ങി വരുന്നതിനിടയിലാണ് ഇവർ പൊലീസ് പരിശോധനയിൽ കുടുങ്ങിയത്.

Latest Videos

undefined

കഞ്ചാവും ഇവർ ഉപയോഗിച്ച മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മറ്റൊരു സംഭവത്തിൽ മൂന്ന് കോടിയുടെ രാസലഹരി വസ്തുക്കളുായി നൈജീരിയ സ്വദേശികളേയും കേന്ദ്ര ക്രൈം ബ്രാഞ്ച് സംഘം ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.52 കിലോ എംഡിഎംഎയും 202 ഗ്രാം കൊക്കെയ്നും 23 ലഹരിമരുന്ന് ഗുളികളും പിടിച്ചെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!