'25 വര്‍ഷം നീണ്ട വ്യാജ ചികിത്സ': റോഷ്നി ക്ലിനിക്കിലെ 'ഡോക്ടര്‍' ഒടുവില്‍ പിടിയില്‍

By Web Team  |  First Published May 20, 2024, 7:59 PM IST

പൈല്‍സിനും ഫിസ്റ്റുലയ്ക്കും വ്യാജ ചികിത്സ നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.


തൃശൂര്‍: ഒന്നും രണ്ടും വര്‍ഷമല്ല... നീണ്ട 25 വര്‍ഷം നൂറുക്കണക്കിന് പേരെ 'ചികിത്സിച്ച്' ഡോക്ടറായി വിലസിയ മധ്യവയസ്കൻ ഒടുവില്‍ പിടിയില്‍. തൃശൂര്‍ കുന്നംകുളം പാറേമ്പാടത്ത് പൈല്‍സിനും ഫിസ്റ്റുലയ്ക്കും 'ചികിത്സ' നടത്തിയ വ്യാജ ഡോക്ടറാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം പട്ടാമ്പി റോഡില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി പ്രകാശ് മണ്ഡലി (53)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

25 വര്‍ഷമായി ഇയാള്‍ പാറേമ്പാടത്ത് വാടക വീട് എടുത്ത് 'ചികിത്സ' നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. പച്ചമരുന്നും മറ്റ് ചില മരുന്നുകളുമാണ് ഇയാള്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്ക് നല്‍കി വന്നിരുന്നത്. ഓദ്യോഗികമായി ഡോക്ടര്‍ ബിരുദമില്ലാതെ പേരിനോടൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്താണ് ഇയാള്‍ രോഗികളെ നോക്കിയിരുന്നത്. പൈല്‍സിനും ഫിസ്റ്റുലയ്ക്കും വ്യാജ ചികിത്സ നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. റോഷ്നി ക്ലിനിക് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതി വ്യാജ ചികിത്സ നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.

Latest Videos

undefined

കുന്നംകുളം എസ്എച്ച്ഒ യു.കെ ഷാജഹാന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ ജീഷിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രകാശിനെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോസ് ചാള്‍സ്, ആശംസ് അഞ്ജലി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

കെഎസ്ആര്‍ടിസിയിൽ വൻ നടപടി: ഒരു ഡ്രൈവറെ പിരിച്ചുവിട്ടു, ഒരാൾക്ക് സസ്‌പെൻഷൻ 

 

tags
click me!