അതിഥി തൊഴിലാളികള്‍ക്ക് ഇയാള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചിരുന്നു.
തൃശൂര്‍: സ്‌കൂട്ടറില്‍ സഞ്ചരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ അതിഥി തൊഴിലാളി ഒടുവില്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി നാഗേന്ദ്ര സോങ്കര്‍ എന്നയാളെയാണ് ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സമീറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്‌കൂട്ടറില്‍ നിന്നും താമസ സ്ഥലത്ത് നിന്നുമായി പത്ത് കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയെന്നും എക്‌സൈസ് അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് ഇയാള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ എക്‌സൈസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സ്‌കൂട്ടിയില്‍ കറങ്ങി അതിഥി തൊഴിലാളികള്‍ക്കിടയിലാണ് ഇയാള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്നതെന്നും എക്‌സൈസ് അറിയിച്ചു.
undefined
കഴിഞ്ഞദിവസം അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. അങ്കമാലി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസും സംഘവും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പാറ്റ്‌ന - എറണാകുളം ട്രെയിനില്‍ വന്നിറങ്ങിയ ചാലക്കുടി സ്വദേശികളായ സുബീഷ്, സുബിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ഇവ എത്തിച്ച ആളുകളെ കണ്ടെത്താന്‍ സാധിച്ചില്ല. പാലക്കാട് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വച്ചിരുന്ന ബാഗില്‍ നിന്നാണ് 11.9 കിലോ കഞ്ചാവ് പിടികൂടിയത്. പരിശോധന കണ്ട് ഭയന്ന് ബാഗിന്റെ ഉടമ കഞ്ചാവ് സ്റ്റേഷനില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
തിരൂരില്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ആറ് പൊതികളിലായി സൂക്ഷിച്ച കഞ്ചാവാണ് റെയില്‍വെ സംരക്ഷണ സേനയും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടിച്ചെടുത്തു. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടത്തിന് അടിയിലാണ് കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.