ടൊയോറ്റ് കാമ്റിയുമായി ആണവ പ്ലാന്റിലേക്ക് ഇരച്ചെത്തി 66കാരന്‍, വേലിക്കെട്ട് പൊളിച്ച ഡ്രൈവിംഗ്, അറസ്റ്റ്

By Web Team  |  First Published Nov 4, 2023, 2:09 PM IST

പ്ലാന്റിന് അടുത്തേക്ക് എത്താനാവാതെ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി പോകുന്ന ട്രെക്കിലേക്ക് ഇടിച്ച് കയറാനും ഇയാള്‍ ശ്രമിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്


സൌത്ത് കരോലിന: ആണവ പ്ലാന്റിലേക്ക് ടൊയോറ്റ കാമ്റിയില്‍ വേലിക്കെട്ടും തകര്‍ത്തെത്തിയ ഡ്രൈവര്‍ പിടിയില്‍. സുരക്ഷാ വേലിക്കെട്ടുകള്‍ക്കിടയിലൂടെ അതിവേഗതയില്‍ ആഡംബരകാറുമായെത്തിയ ആളെ ഏറെ പണിപ്പെട്ടാണ് അധികൃതര്‍ പിടികൂടിയത്. സൌത്ത് കരോലിനയിലെ ഒകോനീ ആണവ സ്റ്റേഷന് നേരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. സ്ഥാപിത താല്‍പര്യങ്ങളുള്ള വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സില്‍വര്‍ നിറത്തിലുള്ള ടൊയോറ്റ കാമ്റി വാഹനമാണ് പ്ലാന്റിലേക്ക് ഇടിച്ച് കയറാനായി ഇയാള്‍ ഉപയോഗിച്ചത്. എന്നാല്‍ പ്ലാന്റിന് അടുത്തേക്ക് എത്താനാവാതെ വന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരുമായി പോകുന്ന ട്രെക്കിലേക്ക് ഇടിച്ച് കയറാനും ഇയാള്‍ ശ്രമിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. അര്‍കാന്‍സാസ് സ്വദേശിയായ 66 കാരനാണ് പിടിയിലായിട്ടുള്ളത്. നിരവധി ലഹരിക്കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Latest Videos

undefined

സ്വകാര്യ സ്വത്തിലേക്ക് അതിക്രമിച്ച് കടക്കുക, നാശനഷ്ടമുണ്ടാക്കുക, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളും 66കാരനെതിരെ ചുമത്തിയിട്ടുണ്ട്. ആണവ പ്ലാന്റിന്റെ വേലിക്കെട്ടുകള്‍ക്ക് ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നേരത്തെ ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വിശദമാക്കി.

എന്നാല്‍ ഇയാള്‍ ആണവ പ്ലാന്റിന് നേരെ ആക്രമണം നടത്താനുണ്ടായ കാരണത്തേക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആക്രമണത്തിന് എന്തെങ്കിലും രീതിയിലുള്ള തീവ്രവാദി സംഘങ്ങളോട് ബന്ധമുള്ളതായി വ്യക്തമായിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!