ഇന്ദർഗഞ്ച് ഏരിയയിലെ കൈലാഷ് ടാക്കീസിൻ്റെ കാൻ്റീനിലാണ് സംഭവം.
ഗ്വാളിയർ: സിനിമ തിയേറ്ററിൽ യുവാവിന്റെ ചെവി കടിച്ചെടുത്ത് കാന്റീൻ ഉടമ. അല്ലു അർജുൻ നായകനായെത്തിയ "പുഷ്പ 2: ദ റൂൾ" എന്ന സിനിമ പ്രദർശിപ്പിക്കുന്ന മധ്യപ്രദേശിലെ ഒരു തിയേറ്ററിലാണ് സംഭവം. ലഘുഭക്ഷണ ബില്ലിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കാന്റീൻ ഉടമ സിനിമ കാണാനെത്തിയ ആളുടെ ചെവി കടിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്ദർഗഞ്ച് ഏരിയയിലെ കൈലാഷ് ടാക്കീസിൻ്റെ കാൻ്റീനിൽ സിനിമയുടെ ഇടവേള സമയത്ത് ഭക്ഷണം വാങ്ങാൻ പോയ ഷബീർ എന്നയാൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബില്ലിനെ ചൊല്ലി ഷബീറും കാൻ്റീൻ ഉടമ രാജുവും തമ്മിൽ തർക്കമുണ്ടായി. ഷബീർ പണം നൽകിയില്ലെന്ന് രാജു പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടർന്ന് രാജുവും കൂട്ടാളികളും ചേർന്ന് ഷബീറിനെ മർദ്ദിച്ചു. ഇതിനിടെയാണ് രാജു ഷബീറിൻ്റെ ഒരു ചെവി കടിച്ചെടുത്തതെന്ന് എഫ്ഐആറിൽ പറയുന്നു.
സംഭവത്തിന് ശേഷം തിങ്കളാഴ്ച ഷബീർ പൊലീസിൽ പരാതി നൽകിയിരുന്നു. ഷബീറിൻ്റെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച മൂന്ന് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, അല്ലു അർജുൻ്റെ "പുഷ്പ 2: ദ റൂൾ" വെറും ആറ് ദിവസത്തിനുള്ളിൽ ആഗോള ബോക്‌സ് ഓഫീസിൽ 1,000 കോടി എന്ന നാഴികക്കല്ല് പിന്നിട്ടതായി നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.