യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച കേസ്; ഒളിവിൽ പോയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി പൊലീസ്

By Web Team  |  First Published Dec 11, 2024, 10:40 PM IST

മൂലങ്കാവ് സ്വദേശിയായ യുവാവിനെ കമ്പിവടി കൊണ്ടും നഞ്ചക്ക് കൊണ്ടും ക്രൂരമായ മര്‍ദ്ദിച്ചുവെന്നാണ് കേസ്. 


സുല്‍ത്താന്‍ ബത്തേരി: യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ സ്ഥിരം കുറ്റവാളിയായ പ്രതിയെ പിടികൂടി. നെന്മേനി മഞ്ഞാടി കേളോത്ത് വീട്ടില്‍ അനൂജ് അബു(30)വിനെയാണ് ഇയാളുടെ വീട് വളഞ്ഞ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ഒളിവിലായിരുന്ന അനൂജ് വീട്ടിലേക്ക് വന്നപ്പോഴായിരുന്നു തിങ്കളാഴ്ച രാത്രിയോടെ പിടികൂടിയത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. 

നവംബര്‍ 24ന് രാത്രി പതിനൊന്ന് മണിയോടെ ബത്തേരി ടൗണിലാണ് സംഭവം. മൂലങ്കാവ് സ്വദേശിയായ യുവാവിനാണ് കമ്പിവടി കൊണ്ടും നഞ്ചക്ക് കൊണ്ടും ക്രൂരമായ മര്‍ദ്ദനമേറ്റത്. അന്ന് പകല്‍ ഇയാളുടെ സുഹൃത്ത് മറ്റൊരാളുമായുണ്ടായ പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഇടപെട്ടതിനെ തുടര്‍ന്നുള്ള വിരോധമാണ് അക്രമത്തിന് കാരണം. അനൂജ് അബു ഉള്‍പ്പെടെയുള്ള നാല് പേര്‍ ചേര്‍ന്ന് കമ്പിവടി കൊണ്ട് തലക്കടിക്കുകയും, നഞ്ചക്ക് കൊണ്ട് നെറ്റിക്ക് അടിക്കുകയും, താഴെ വീഴ്ത്തി ചവിട്ടുകയുമായിരുന്നു. കമ്പിവടി കൊണ്ട് വീണ്ടും തലക്കടിക്കാനുള്ള ശ്രമം യുവാവ് കൈകൊണ്ട് തടഞ്ഞതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

Latest Videos

ഇന്‍സ്പെക്ടടര്‍ എസ്.എച്ച്.ഒ ശംഭുനാഥ്, എ.എസ്.ഐ അശോകന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍ അനൂഷ, അജ്മല്‍, അനില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇപ്പോള്‍ പിടിയിലായ അനൂജ് അബുവിന്റെ പേരില്‍ കല്‍പ്പറ്റ, ബത്തേരി, അമ്പലവയല്‍, വൈത്തിരി സ്റ്റേഷനുകളിലായി അടിപിടി, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകളും ഉള്ളതായി പൊലീസ് പറഞ്ഞു.

READ MORE: സ്കൂൾ വരാന്തയിൽ വെച്ച് വിദ്യാർത്ഥിയെ തെരുവ് നായ ആക്രമിച്ചു; ഗുരുതര പരിക്ക്

click me!