ഇവരുടെ ഭർത്താവടക്കമുള്ള സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്
ഭുവനേശ്വർ: ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതി പിടിയിലായിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പൊലീസ്, കേസിന്‍റെ വിശദാംശങ്ങൾ പുറത്തുവിടാത്തത് എന്തുകൊണ്ടാകും. ഒഡീഷയിൽ ഇക്കാര്യത്തിൽ വലിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. 25 വയസുകാരി അർച്ചന നാഗ് അറസ്റ്റിലായി രണ്ട് ദിവസം കഴിയുകയാണ്. എന്നിട്ടും അർച്ചനയുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പൊലീസ് മാധ്യമങ്ങളോടോ പൊതു സമൂഹത്തോടെ കാര്യമായി വിശദീകരിച്ചിട്ടില്ല. ഹണി ട്രാപ്പ് നടത്തി പണം തട്ടിയതിനാണ് അർച്ചനയെ അറസ്റ്റ് ചെയ്തത് എന്നതാണ് പൊലീസ് നൽകുന്ന വിശദീകരണം. അതുകൊണ്ടു തന്നെ ഉന്നത രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളുമടക്കമുള്ളവരാണോ ഹണി ട്രാപ്പിൽ കുടുങ്ങിയതെന്ന സംശയമാണ് പൊതുവിൽ ഉയരുന്നത്.
വ്യാഴ്യാഴ്ച വൈകിട്ടാണ് അർച്ചന അറസ്റ്റിലായത്. ഖണ്ഡാഗിരി പൊലീസാണ് ഹണി ട്രാപ്പ് നടത്തി പണം തട്ടിയെന്ന കേസിൽ ഇവരെ അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് നടത്താനായി ഉപയോഗിച്ച ഫോണും രണ്ടു പെൻഡ്രൈവും ഇവരുടെ ഡയറിയടക്കമുള്ളവ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണിലും പെൻഡ്രൈവിലുമെല്ലാം തെളിവുകളുണ്ടായിട്ടും ഹണി ട്രാപ്പിൽ കുടുങ്ങിയവർ ആരൊക്കെയെന്ന കാര്യത്തിൽ പൊലീസ് മൗനം തുടരുകയാണ്. ബ്ലാക് മെയിലിംഗും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലുമടക്കമുള്ള കുറ്റങ്ങളാണ് അർച്ചനയ്ക്കെതിരെ ചുമത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
undefined
ഇവർ ഒറ്റയ്ക്കല്ല ഹണി ട്രാപ്പ് നടത്തിയിരുന്നതെന്നും സ്ത്രീകളടക്കമുള്ളവരുടെ സംഘം തന്നെ ഇതിന് പിന്നിലുണ്ടെന്നുമാണ് വ്യക്തമാകുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായിട്ടുള്ള പ്രമുഖരെയാണ് അർച്ചനയും സംഘവും ലക്ഷ്യം വച്ചിരുന്നത്. സോഷ്യൽ മീഡിയയിലൂടെ ബന്ധമുണ്ടാക്കിയ ശേഷം സ്വകാര്യദൃശ്യങ്ങൾ പകർത്തുകയാണ് പതിവ്. ശേഷം ഇത് പ്രചരിപ്പിക്കുമെന്ന ഭീഷണി നടത്തിയാണ് പണം തട്ടിയെടുക്കൽ നടത്തി വന്നിരുന്നത്. ഇവരുടെ ഭർത്താവടക്കമുള്ള സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.