ആളില്ലാത്ത വീടുകൾ തെരഞ്ഞ് നടക്കുമ്പോഴാണ് അമ്പലവട്ടത്ത് റോഡ് സൈഡിലുള്ള ഗേറ്റ് പൂട്ടിക്കിടക്കുന്ന വീട് കണ്ടെത്തിയത്. വീട്ടിൽ ആളുകളില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വാതിൽ പൊളിച്ച് അകത്തുകയറി പ്രതികൾ സ്വർണ്ണം കവരുകയായിരുന്നു.
കോട്ടക്കൽ : മലപ്പുറം കോട്ടയ്ക്കലിൽ വീട് കുത്തിത്തുറന്ന് 36 പവൻ സ്വർണം മോഷ്ടിച്ച സംഭവത്തിൽ എല്ലാ പ്രതികളും പൊലീസിന്‍റെ പിടിയിലായി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടുകാരിയായ വള്ളി കഴിഞ്ഞ ദിവസം പിടിയിലായതോടെ കേസിലെ എല്ലാ പ്രതികളും കുടുങ്ങിയതായി പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം പോയ സ്വർണവും പൊലീസ് പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതി ഉടുമ്പ് രമേശും കൂട്ടാളികളും നേരത്തെ പിടിയിലായിരുന്നു. കോട്ടയ്ക്കൽ ഇൻസ്പെക്ടടർ അശ്വജിത്തിന്‍റെ നേതൃത്വത്തിലുണ്ടാക്കിയ പ്രത്യേക സംഘമാണ് പ്രതികളെ പിടിച്ചത്.
ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലാണ് കോട്ടയ്ക്കൽ അമ്പലവട്ടത്തുള്ള വീട്ടിൽ കവർച്ച നടന്നത്. ആളില്ലാത്ത വീടിന്‍റെ വാതിൽ തകർത്ത് ഉള്ളിൽ കയറിയ മോഷണ സംഘം 36 പവൻ സ്വർണമാണ് മോഷ്ടിച്ചത്. സ്ഥിരം കുറ്റവാളികളാണ് മോഷണത്തിന് പിന്നിലെന്ന് തുടക്കത്തിൽ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാക്കളടങ്ങിയ സംഘം പിടിയിലായത്.
undefined
മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദ് റിഷാദ്, പുളിക്കൽ സ്വദേശി ഹംസ, പാലക്കാട് പറളി സ്വദേശി രമേശ്, തമിഴ്നാട്ടുകാരിയായ വള്ളി എന്നിവരാണ് അറസ്റ്റിലായത്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ് (36) എന്ന ഉടുമ്പ് രമേശ് ആണ് ഒന്നാം പ്രതി. കർണാടക ജയിലിൽ നിന്ന് ഡിസംബർ 25ന് പുറത്തിറങ്ങിയ രമേശ്, അന്ന് തന്നെ കോഴിക്കോടെത്തിയാണ് മോഷണം ആസൂത്രണം ചെയ്തത്.
ജയിലിൽ നിന്നിറങ്ങിയ രമേശ് കോഴിക്കോട് എത്തി അവിടെ നിന്ന് കൂട്ടുപ്രതി റിഷാദിനെ വിളിച്ചുവരുത്തി. അന്നുരാത്രി തന്നെ കോഴിക്കോട് മീഞ്ചന്തയിൽ നിന്ന് ഒരു പൾസർ ബൈക്ക് മോഷ്ടിച്ച് കൃത്യത്തിനായി കോട്ടക്കലിൽ എത്തി. തുടർന്ന് ആളില്ലാത്ത വീടുകൾ തെരഞ്ഞ് നടക്കുമ്പോഴാണ് അമ്പലവട്ടത്ത് റോഡ് സൈഡിലുള്ള ഗേറ്റ് പൂട്ടിക്കിടക്കുന്ന വീട് കണ്ടെത്തിയത്. വീട്ടിൽ ആളുകളില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വാതിൽ പൊളിച്ച് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
മോഷണം നടന്ന് ദിവസങ്ങൾക്കകം കൂട്ടുപ്രതിയായ മുഹമ്മദ് റിഷാദ് , മോഷ്ടിച്ച സ്വർണം വിൽപന നടത്താൻ സഹായിച്ച കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്ത് ഒളവട്ടൂർ മാങ്ങാട്ടുമുറി സ്വദേശി മാങ്ങാട്ടുച്ചാലിൽ കൊളത്തോടു വീട്ടിൽ ഹംസ (38)എന്നിവരെ പൊലീസ് പൊക്കിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒന്നാം പ്രതി രമേശിനെ ജനുവരി എട്ടിന് അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ മോഷണമുതൽ വിൽക്കാൻ സഹായിച്ച വള്ളിയെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. ഒളിവിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More : അമ്മക്കൊപ്പം ഓട്ടോയിൽ പോകവേ 7 വയസുകാരൻ തല പുറത്തേക്കിട്ടു, ഇലക്ട്രിക് പോസ്റ്റിലിടിച്ച് ദാരുണാന്ത്യം