ബോസിന്‍റെ തെറിവിളി അസഹ്യം, രാജിക്ക് പിന്നാലെ ബോസിന് മുട്ടന്‍ പണിയുമായി യുവതിയും യുവാവും

By Web TeamFirst Published Dec 30, 2023, 12:26 PM IST
Highlights

അപമാനം താങ്ങാനാവാതെ വന്നെങ്കിലും ഈ ഘട്ടത്തിൽ പൊലീസ് സഹായം തേടാന്‍ ബോസ് ഒരുങ്ങിയില്ല. ഇതിന് പിന്നാലെയാണ് ഇവർ നഗ്നചിത്രങ്ങൾ ബോസിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും അയച്ച് നൽകിയത്. ഇതോടെ മറ്റ് നിർവ്വാഹമില്ലാതായ ബോസ് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

വഡോദര: രാജി വച്ച് ഇറങ്ങിയതിന് പിന്നാലെ മുന്‍ ബോസിന് മുട്ടന്‍ പണിയുമായി മുന്‍ ജീവനക്കാർ. ഭാര്യയും മക്കളും അടക്കം ബന്ധുക്കളും സുഹൃത്തുക്കൾക്ക് മുന്‍പിന്‍ മാനം പോയതിന് പിന്നാലെ പൊലീസ് സഹായം തേടി യുവാവ്. ഗുജറാത്തിലെ വഡോദരയിലാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ബോസിന് രാജി വച്ചിറങ്ങിയ രണ്ട് ജീവനക്കാർ വലിയ ബുദ്ധിമുട്ടുണ്ടാക്കിയത്. സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. 

സ്ഥാപനത്തിലെ ജീവനക്കാരോട് കർക്കശ സ്വഭാവമായിരുന്നു ബോസിന്റേത്. മറ്റുള്ള ജീവനക്കാരുടേയും ക്ലയന്റുകളുടേയു മുന്നിൽ വച്ച് ബോസിന്റെ ചീത്ത വിളി കേട്ടതിന് പിന്നാലെയാണ് സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന യുവാവും യുവതിയും രാജിവച്ചത്. എന്നാൽ രാജി കൊണ്ട് മാത്രം കാര്യമില്ലെന്നും ബോസിനെ നാണം കെടുത്തണമെന്നും ഉറപ്പിച്ചായിരുന്നു ഇരുവരും സ്ഥാപനം വിട്ടത്. പിന്നാലെ ഇന്‍സ്റ്റഗ്രാമിൽ ഒരു വ്യാജ അക്കൌണ്ടുണ്ടാക്കി ഇതിലൂടെ ബോസുമായി ചങ്ങാത്തം സ്ഥാപിച്ചു. മുപ്പതിനോട് അടുത്ത് പ്രായമുള്ള ബോസിനെ ഇന്‍റർ നെറ്റിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ച് നൽകുകയും പിന്നാലെ അശ്ലീല ചാറ്റുകളിലേക്കും എത്തിക്കാനും ഇവർക്ക് സാധിച്ചു. ബോസിന്‍റെ നഗ്ന ചിത്രങ്ങളും ഇവർ കൈക്കലാക്കി. നഗ്നചിത്രങ്ങൾ കൈക്കലായതിന് പിന്നാലെ വ്യാജ അക്കൌണ്ടിലൂടെ ബോസുമായുള്ള ചാറ്റ് അവസാനിപ്പിച്ച സംഘം അക്കൌണ്ട് ഡിലീറ്റും ചെയ്ത്. 

Latest Videos

ദിവസങ്ങൾക്ക് പിന്നാലെ ഈ ചിത്രങ്ങൾ ഓരോന്നായി ബോസിന് ഇമെയിലായി അയച്ച് നൽകാനും ഇവർ തുടങ്ങി.  ഇതോടെ ബോസ് ഭയന്നു. സെപ്തംബർ മാസത്തിൽ ഇതേ ചിത്രങ്ങൾ സ്ഥാപനത്തിലെ എച്ച് ആർ ഡിപ്പാർട്ട്മെന്റിലും പിന്നാലെ ബോസിന്റെ ഔദ്യോഗിക മെയിലിലേക്കുമടക്കം ഇവർ അയച്ചു. നവംബർ മാസമായതോടെ ഈ ചിത്രങ്ങളുടെ പ്രിന്‍റ് എടുത്ത് സ്ഥാപനത്തിലെ ജീവനക്കാർക്കും  ഒരു ഷോപ്പിംഗ് മാളിലെ നിർണായക യോഗത്തിന് മുന്നോടിയായി മാളിലേക്കുമടക്കം അയക്കാനും ഇവർ മടിച്ചില്ല.

അപമാനം താങ്ങാനാവാതെ വന്നെങ്കിലും ഈ ഘട്ടത്തിൽ പൊലീസ് സഹായം തേടാന്‍ ബോസ് ഒരുങ്ങിയില്ല. ഇതിന് പിന്നാലെയാണ് ഇവർ നഗ്നചിത്രങ്ങൾ ബോസിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും അയച്ച് നൽകിയത്. ഇതോടെ മറ്റ് നിർവ്വാഹമില്ലാതായ ബോസ് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. ബ്ലാക്ക് മെയിൽ ആരംഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ബോസ് പൊലീസ് സഹായം തേടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങൾ വന്നിരുന്ന ഐപി അഡ്രസ് തപ്പിയെടുത്തതോടെയാണ് മുന്‍ ജീവനക്കാരാണ് ബോസിന് കെണിയൊരുക്കിയതെന്ന് വ്യക്തമായത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!