'വീട്ടിൽ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, കട്ടർ റഷീദ് കവർന്നത് അര പവന്റെ ആഭരണം മാത്രം'; പിടിയിലായത് ഇങ്ങനെ

By Web Team  |  First Published Feb 24, 2024, 2:41 PM IST

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ല വാറണ്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 


നിലമ്പൂര്‍: സംസ്ഥാനത്തെ നിരവധി മോഷണ കേസുകളിലെ പ്രതി ഒടുവില്‍ വഴിക്കടവില്‍ പിടിയില്‍. എടവണ്ണ ഒതായി സ്വദേശിയും ഊട്ടിയില്‍ താമസക്കാരനുമായ വെള്ളാട്ടുചോല അബ്ദുല്‍ റഷീദ് എന്ന കട്ടര്‍ റഷീദി (50)നെയാണ് വഴിക്കടവ് സിഐ അറസ്റ്റ് ചെയ്തത്. വഴിക്കടവ് പാലാട് കോസടിപ്പാലം നെടുങ്ങാട്ടുമ്മല്‍ റെജി വര്‍ഗീസിന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ല വാറണ്ടുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഈ മാസം പതിനെട്ടിനാണ് സംഭവം. റെജിയും കുടുംബവും കോഴഞ്ചേരിയിലുള്ള ബന്ധു വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. അയല്‍ വീട്ടില്‍ താമസിക്കുന്ന റെജി വര്‍ഗീസിന്റെ ബന്ധു രാവിലെ വീട്ടില്‍ വന്നു നോക്കിയപ്പോഴാണ് വീടിന്റെ അടുക്കള വാതില്‍ തുറന്ന് കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടത്. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ വില പിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിച്ചതായി അറിയിച്ചു. തുടര്‍ന്ന് ബന്ധു പരിശോധന നടത്തിയപ്പോള്‍ വീടിന്റെ വാതിലുകളും മുഴുവന്‍ അലമാരകളും കുത്തി തുറന്ന് നശിപ്പിച്ചതായും സാധന സാമഗ്രികള്‍ വാരി വലിച്ചിട്ടതായും കണ്ടെത്തി. 

Latest Videos

undefined

വിവരം അറിഞ്ഞ് വഴിക്കടവ് പൊലീസും ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ കുറ്റന്വേഷണ വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുലര്‍ച്ചെ ഒരു മണിയോടെ മുഖമൂടി ധരിച്ച ഒരാള്‍ പുറത്തു ബാഗ് ധരിച്ച് വരുന്നതായും കമ്പിപ്പാര ഉപയോഗിച്ച് പുറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറുന്നതും രണ്ട് മണിക്കൂറിന് ശേഷം തിരിച്ച് പോകുന്നതും കണ്ടെത്തി. എന്നാല്‍ ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. തുടര്‍ന്ന് വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ അര പവന്‍ വരുന്ന ആദരണം ഒഴികെ മറ്റൊന്നും നഷ്ടപ്പെട്ടിരുന്നില്ലന്ന് ബോധ്യമായത്. വീട്ടില്‍ അലമാരയില്‍ ഒരു കവറില്‍ സൂക്ഷിച്ചിരുന്ന ബാക്കിയുള്ള മുഴുവന്‍ ആഭരണങ്ങളും വാരി വലിച്ചിട്ടെങ്കിലും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ മോഷ്ടാവിന് ലഭിച്ചില്ല. 

സിസി ടിവി ദൃശ്യങ്ങളുടേയും ശാസ്ത്രീയമായ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന ആളുകളെയും കേന്ദ്രികരിച്ച് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വഴിക്കടവ് സിഐ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനക്കിടെ പ്രതിയെ പിടികൂടിയത്. പ്രതി ഉപയോഗിക്കുന്ന മോട്ടോര്‍ സൈക്കിള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിഞ്ഞതാണ് പൊലീസിന് സഹായമായത്. പിടിയിലായ പ്രതിയുടെ ബാഗില്‍ നിന്ന് വഴിക്കടവിലെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണവും ഏതു വീടും തകര്‍ക്കാന്‍ പറ്റുന്ന കമ്പിപ്പാരയും മോഷണം നടത്താന്‍ ഉപയോഗിക്കുന്ന കയ്യുറകള്‍ ഉള്‍പ്പെടെ സാധന സാമഗ്രികളും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തതില്‍ ജില്ലക്കകത്തും പുറത്തുമായി പെട്രോള്‍ പമ്പുകള്‍, കടകള്‍, വീടുകള്‍ എന്നിവ കുത്തി തുറന്ന് മോഷണം നടത്തിയതായും നിരവധി കേസുകളില്‍ പിടിയിലായി വര്‍ഷങ്ങളായി ജയില്‍ വാസത്തിലായിരുന്നതായും വ്യക്തമായി. 

മൂന്ന് മാസം മുമ്പാണ് തൃശൂരിലെ കേസില്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയത്. ജനുവരി മാസം അവസാനത്തിലാണ് നിലമ്പൂര്‍ ചന്തക്കുന്നിലെ ഒരു വീട്ടിലും കുന്നത്ത്പറമ്പന്‍ റഫീക്കിന്റെ തുണിക്കടയിലും ചുങ്കത്തറ - എടമലയിലെ ഒരു വീട്ടിലും മോഷണം നടത്താനായി കുത്തി തുറന്നതായും അരിക്കോട് നിന്ന് ഒരു ബൈക്ക് മോഷ്ടിച്ചതായും തെളിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി മോഷണം തൊഴിലാക്കിയ പ്രതി പുറത്തിറങ്ങിയാല്‍ വീണ്ടും മോഷണം നടത്തിയാണ് ജീവിക്കുന്നത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നിലമ്പൂര്‍ ഡിവൈഎസ്പി പി എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി എസ്‌ഐ എം അസൈനാര്‍, എസ്‌സിപിഒ അബ്ദുല്‍ സലീം, വഴിക്കടവ് സ്റ്റേഷനിലെ കെ നിജേഷ്, കെ നാസര്‍, ശ്രീകാന്ത് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികുടിയത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വഴിക്കടവ് സിഐ പ്രിന്‍സ് ജോസഫ് അറിയിച്ചു.

അയോധ്യ സ്‌പെഷ്യല്‍ ട്രെയിന്‍ കത്തിക്കുമെന്ന് യുവാക്കള്‍; യാത്രക്കാരുടെ പരാതിയില്‍ കേസ്, ഒരാള്‍ പിടിയില്‍ 
 

tags
click me!