ഡിവൈഎസ്പി ഓഫീസിന് തൊട്ടടുത്ത്, ആദ്യം ഷട്ടർ തകർത്തു, ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളൻമാർ അടിച്ചത് 50 പവൻ

By Web Team  |  First Published Jan 25, 2024, 10:38 AM IST

ജ്വല്ലറിക്ക് സൈഡിലൂടെ മുകളിലെ നിലയിലേക്ക് പോകാൻ ഗോവണിയിലേക്ക് കയറുന്ന ഭാഗത്തെ ഷട്ടർ തകർത്ത ശേഷം ഭിത്തി  കുത്തിപ്പൊളിച്ച് അകത്തു കടന്നായിരുന്നു കവർച്ച.


താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വൻ കവർച്ച. ലോക്കർ പൊളിച്ച് കള്ളൻമാർ 50 പവനോളം കവർന്നു. താമരശ്ശേരിയി ഡിവൈഎസ്പി ഓഫീസിന് സമീപമുളള 'റന' ഗോൾഡ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്.  സിസിടിവി കേന്ദ്രീകരിച്ചുളള പൊലീസ് അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് പേരടങ്ങിയ കവർച്ചാ സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

കൊടുവള്ളി സ്വദേശി അബ്ദുൽ സലാമിന്‍റെ ഉടമസ്ഥതയിലുള്ള റന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജീവനക്കാർ രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ജ്വല്ലറിക്ക് സൈഡിലൂടെ മുകളിലെ നിലയിലേക്ക് പോകാൻ ഗോവണിയിലേക്ക് കയറുന്ന ഭാഗത്തെ ഷട്ടർ തകർത്ത ശേഷം ഭിത്തി  കുത്തിപ്പൊളിച്ച് അകത്തു കടന്നായിരുന്നു കവർച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാ ഷട്ടറിന്‍റെ ലോക്കര്‍ പൊളിക്കുകയായിരുന്നു.

Latest Videos

undefined

ജ്വല്ലറിയിൽ നിന്നും 50 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നതായാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരാണ് മോഷണത്തിനെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മുഖം മറച്ചെത്തിയ സംഘത്തില്‍ രണ്ട് പേര്‍ ജ്വല്ലറിയുടെ അകത്തു കയറിയതായും ഒരാള്‍ പുറത്ത് കാത്തു നില്‍ക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.  കോഴിക്കോട് റൂറല്‍ എസ്‍പി എസ് പി അരവിന്ദ് സുകുമാർ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Read More : അസ്സം സ്വദേശികളുടെ മകളോട് ക്രൂരത, 6 വയസുകാരി കരഞ്ഞതോടെ പിടിവീണു; പൊന്നാനിക്കാരൻ അറസ്റ്റിൽ

click me!