47 ലക്ഷം വില വരുന്ന വാച്ച്, എയർ പോഡുകൾ, എന്നിവ അടക്കമുള്ള ഉപകരണങ്ങളാണ് ഇത്തരത്തിൽ വ്യാജനായി മാറിയതെന്നാണ് ഡെലിവറി സ്ഥാപനത്തിന്റെ പരാതി
ബിലാസ്പൂർ: ഓൺലൈൻ സൈറ്റുകൾക്കായി വിതരണം ചെയ്യാനെത്തിയ ആപ്പിൾ ഉപകരണങ്ങൾ റിട്ടേണെത്തിയപ്പോൾ വ്യാജനായെന്ന പരാതിയുമായി ഡെലിവറി സ്ഥാപനം. ആമസോൺ, ഫ്ലിപ്കാർട്ട്, അജിയോ, റിലയൻസ് അടക്കമുള്ള ഓൺലൈൻ സൈറ്റുകളിൽ നിന്ന് വിതരണം ചെയ്യാനെത്തിയ ആപ്പിൾ ഉപകരണങ്ങൾ വ്യാജ ഉത്പന്നങ്ങളുമായി മാറ്റിയ ശേഷം റിട്ടേൺ നൽകാനായി എത്തിച്ചെന്നാണ് പരാതി. ഗുരുഗ്രാമിലെ ബിലാസ്പൂരിലെ ഒരു ഡെലിവറി സ്ഥാപനമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വാച്ച്, എയർ പോഡുകൾ, എന്നിവ അടക്കമുള്ള ഉപകരണങ്ങളാണ് ഇത്തരത്തിൽ വ്യാജനായി മാറിയതെന്നാണ് ഡെലിവറി സ്ഥാപനത്തിന്റെ പരാതി.
62 ആപ്പിൾ വാച്ചുകളും 17 എയർ പോഡുകളുമാണ് സ്ഥാപനം വിതരണത്തിനായി നൽകിയത്. എന്നാൽ ഉപഭോക്താക്കളുടെ മേൽവിലാസം തെറ്റായതിന് പിന്നാലെ തിരികെ അയച്ചത് വ്യാജ ഉത്പന്നങ്ങളാണെന്നാണ് പരാതി. ഗുരുഗ്രാമിലെ പത്ത്രേരിയാണ് സ്ഥാപനത്തിന്റ പ്രധാന വിതരണ കേന്ദ്രം. ഇവിടെ നിന്ന് പാർസലുകൾ സ്കാൻ ചെയ്ത ശേഷമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾക്കായി വിതരണം ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആമസോണിൽ നിന്ന് ഇത്തരത്തിൽ വിതരണത്തിനായി ലഭിച്ച ഉത്പന്നങ്ങൾ ഡെലിവറിക്കായി ജീവനക്കാരൻ കൊണ്ടുപോയി. എന്നാൽ നൽകിയ അഡ്രസ് തെറ്റിയിരുന്നതിനാൽ ഇവ ബിലാസ്പൂരിലേക്ക് തിരികെ കൊണ്ടുവന്നു.
undefined
ഇവ തിരികെ ഓർഡർ നൽകിയ സൈറ്റുകളിലേക്ക് അയക്കാനാണ് ഇവിടേക്ക് എത്തിച്ചതെന്നാണ് ഡെലിവറി സ്ഥാപനത്തിലെ സെക്യൂരിറ്റി മാനേജരായ ശശി ശർമ്മ പറയുന്നത്. എന്നാൽ ഇവിടെ വച്ച് വീണ്ടും സ്കാൻ ചെയ്ത സമയത്ത് ഉത്പന്നങ്ങൾ വ്യാജനാണെന്ന് കണ്ടെത്തുകയായിരുന്നു. ഒറിജിനൽ ഉത്പന്നങ്ങളെ ആരോ വ്യാജനുമായി മാറ്റി വച്ചെന്നാണ് സെക്യൂരിറ്റി മാനേജർ പൊലീസിന് നൽകിയ പരാതിയിൽ വിശദമാക്കുന്നത്. പാക്കറ്റുകളുടെ ഭാരം ഒറിജിനൽ ഉത്പന്നങ്ങളുടേത് തന്നെയായിരുന്നുവെന്നും സ്കാൻ ചെയ്തത് മൂലമാണ് വഞ്ചിക്കപ്പെട്ടത് തിരിച്ചറിഞ്ഞതെന്നുമാണ് സുരക്ഷാ വിഭാഗം മാനേജർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം