സാധാരണ ഗതിയിൽ നഗരത്തിന് പുറത്തേക്ക് പോകുമ്പോഴോ യാത്ര പോകുമ്പോഴോ ചെയ്യുന്ന അപ്ഡേറ്റുകളായിരുന്നു യുവാവിന്റെ മോഷണത്തിനായുള്ള 'കീ'.
ദില്ലി: സമൂഹമാധ്യമങ്ങളിലെ ചില കീ വേഡുകൾ തിരഞ്ഞ ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം. ദക്ഷിണ ദില്ലിയിലെ ഗ്രേറ്റർ കൈലാഷിലാണ് ന്യൂജെന്‍ മോഷ്ടാവിന് പിടിവീണത്. 5 ലക്ഷത്തിലധികം വില വരുന്ന ആഭരണങ്ങളുമായി പിടയിലായ 28 കാരന്‍ മോഷണത്തിന്റെ രീതിയേക്കുറിച്ച് വിശദമാക്കിയതോടെ കണ്ണ് തള്ളിയത് പൊലീസ് ഉദ്യോഗസ്ഥരുടേതാണ്. സമൂഹ മാധ്യമങ്ങളിലെ ആളുകളുടെ പ്രതികരണങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചില കീ വേഡുകൾ ഉപയോഗിച്ച് ആളില്ലാ വീടുകൾ കണ്ടെത്തിയായിരുന്നു 28കാരനായ അമന്‍ ബാഗായുടെ മോഷണം.
ഇയാളുടെ കൂട്ടാളിയായ സഞ്ജീവിനെ പൊലീസ് തിരയുകയാണ്. ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോയ കുടുംബത്തിന്റെ യാത്ര ഫോളോ ചെയ്തായിരുന്നു ദില്ലിയിലെ ഇവരുടെ വീട്ടിൽ അമന്‍ കയറിയത്. തുടർച്ചയായി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇവരുടെ പോസ്റ്റുകളും പ്രതികരണങ്ങളും യുവാവ് നിരീക്ഷിച്ചിരുന്നു. സാധാരണ ഗതിയിൽ നഗരത്തിന് പുറത്തേക്ക് പോകുമ്പോഴോ യാത്ര പോകുമ്പോഴോ ചെയ്യുന്ന അപ്ഡേറ്റുകളായിരുന്നു യുവാവിന്റെ മോഷണത്തിനായുള്ള 'കീ'. വീടിന്റെ വിവരവും മറ്റും അടിച്ച് മാറ്റുന്നതും സമൂഹമാധ്യമങ്ങളിലെ വിവരങ്ങളിൽ നിന്നാണെന്നും മോഷ്ടാവ് ദില്ലി പൊലീസിനോട് വിശദമാക്കി.
undefined
ആവശ്യത്തിന് വിവരങ്ങൾ നേരത്തെ തന്നെ എടുത്ത് നിരീക്ഷണം തുടർന്ന സംഘം വീട്ടുകാർ അടുത്ത യാത്രയ്ക്ക് പോയപ്പോൾ വീട്ടിൽ കയറി കൊള്ളയടിക്കുകയായിരുന്നു. ജനുവരി 3ന് പട്ടാപ്പകലാണ് സംഘം മോഷണത്തിന് കയറിയത്. ഈ മേഖലയിൽ ഇതിന് മുന്‍പും സമാനമായ രീതിയിലുള്ള മോഷണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. മരം കൊണ്ടുള്ള അലമാരകൾ തല്ലിപ്പൊളിച്ചാണ് സ്വർണാഭരണങ്ങൾ സംഘം കവർന്നത്.
അയൽവാസിക്ക് തോന്നിയ ചെറിയ സംശയത്തേ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. ഇതിനോടകം മടങ്ങിയെത്തിയ വീട്ടുകാർ വീട്ടിൽ മോഷണം നടന്നതായി കണ്ടെത്തുകയായിരുന്നു. 250ൽ അധികം സിസിടിവി നിരീക്ഷിച്ചതിൽ നിന്നാണ് പൊലീസിന് പ്രതികളേക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. ഇതിന് പിന്നാലെ നടന്ന തെരച്ചിലിൽ അമൻ ബാഗാ പിടിയിലാവുകയായിരുന്നു. പഞ്ചാബിൽ നിന്ന് നാല് വർഷം മുന്‍പ് ദില്ലിയിലെത്തിയ അമന്‍ ലാജ്പത് നഗറിലെ ഫ്ലാറ്റ് താമസത്തിനിടയിലാണ് സഞ്ജീവിനെ പരിചയപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം