ജോലി ആവശ്യത്തിനായി പിതാവ് ഉപയോഗിച്ചിരുന്ന ലൈസന്‍സ് ഉള്ള തോക്കെടുത്ത് വിഷു സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം
ബെംഗളുരു: പഠനവുമായി സംബന്ധിച്ച് അമ്മയുമായി തർക്കം പിന്നാലെ ജീവനൊടുക്കി 19കാരനായ എന്‍ജിനിയറിംഗ് വിദ്യാർത്ഥി. വിഷു ഉത്തപ്പ എന്ന 19കാരനാണ് ജീവനൊടുക്കിയത്. നോർത്ത് ബെംഗളുരുവിലെ പീന്യ സ്വദേശിയാണ് വിഷു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് 19കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ സാധനങ്ങൾ വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് 19കാരന്‍ ജീവനൊടുക്കിയത്. നന്ദി ഇന്‍ഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസിലെ സുരക്ഷാ ജീവനക്കാരനായ മടിക്കേരി സ്വദേശി കെ ഡി തമ്മയ്യയുടെ മകനാണ് വിഷു.
അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് വിഷുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച കോളേജിനേ ചൊല്ലിയും പഠനത്തേ ചൊല്ലിയും അമ്മയും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. പ്രഥമ ദൃഷ്ടിയിൽ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. പിതാവിന്റെ തോക്ക് ഉപയോഗിച്ച് നെഞ്ചിലേക്ക് നിറയൊഴിച്ചാണ് വിഷു ജീവനൊടുക്കിയത്. ജോലി ആവശ്യത്തിനായി പിതാവ് ഉപയോഗിച്ചിരുന്ന ലൈസന്‍സ് ഉള്ള തോക്കെടുത്ത് വിഷു സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
undefined
അതേസമയം പുറത്ത് വരുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ മുന്‍വർഷങ്ങളെ അപേക്ഷിച്ച് ബെംഗളുരുവിൽ കുറ്റകൃത്യങ്ങളിലൂടെയുണ്ടാവുന്ന മരണത്തിൽ വന്‍ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2021ൽ 153 ഉം 2022ൽ 173 ഉം മരണം റിപ്പോർട്ട് ചെയ്ത ബെംഗളുരുവിൽ 2023ൽ 207 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പെട്ടന്നുണ്ടായ പ്രകോപനത്തേ തുടർന്നുണ്ടായ അക്രമങ്ങളിൽ 49 പേരാണ് കൊല്ലപ്പെട്ടത്. അവിഹിത ബന്ധത്തേ ചൊല്ലിയുണ്ടായ അക്രമ സംഭവങ്ങളിൽ 32 കൊലപാതകവും പ്രണയവുമായി ബന്ധപ്പെട്ട് 14 കൊലപാതകവുമാണ് ബെംഗളുരുവിൽ നടന്നിട്ടുള്ളതെന്നാണ് പൊലീസ് കണക്ക് വിശദമാക്കുന്നത്. ആത്മഹത്യകളുടെ എണ്ണത്തിലും വലിയ രീതിയിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. 2023ൽ മാത്രം 2358 പേരാണ് നഗരത്തിൽ ആത്മഹത്യ ചെയ്തത്. ഇതിൽ 1466 പേർ പുരുഷന്മാരും 574 പേർ സ്ത്രീകളുമാണ്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം