കോലിയോ പാണ്ഡ്യയോ അല്ല, ലോകകപ്പില്‍ ഇന്ത്യയുടെ തുരുപ്പുചീട്ടാകുക ആ കളിക്കാരനെന്ന് പാക് ഇതിഹാസം

By Web Team  |  First Published May 22, 2019, 12:43 PM IST

ധോണി തന്നെയാകും ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുരുപ്പുചീട്ട്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ലോകകപ്പിനിറങ്ങുന്ന വിരാട് കോലിയും തന്റെ മികവ് അടയാളപ്പെടുത്താനുള്ള വ്യഗ്രതയോടെയാകും ഇറങ്ങുക.


കറാച്ചി: ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ മുന്‍ നായകന്‍ എം എസ് ധോണിയാകും ഇന്ത്യയുടെ തുരുപ്പ് ചീട്ടെന്ന് മുന്‍ പാക് നായകന്‍ സഹീര്‍ അബ്ബാസ്. ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്റില്‍ ധോണിയുടെ പരിയച സമ്പത്ത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയെന്ന പ്രതിഭാസമുണ്ട്. ഇന്ത്യന്‍ ടീമിന്റെ ബുദ്ധികേന്ദ്രമാണ് അദ്ദേഹം. കളിയെ നല്ലപോലെ മനസിലാക്കുന്ന ധോണിക്ക് രണ്ട് ലോകകപ്പ് ജയിച്ച പരിചയസമ്പത്തുമുണ്ട്. അതുകൊണ്ടുതന്നെ ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാവും.

ധോണി തന്നെയാകും ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുരുപ്പുചീട്ട്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ലോകകപ്പിനിറങ്ങുന്ന വിരാട് കോലിയും തന്റെ മികവ് അടയാളപ്പെടുത്താനുള്ള വ്യഗ്രതയോടെയാകും ഇറങ്ങുക. ഇംഗ്ലണ്ടിലെ ബാറ്റിംഗ് പിച്ചുകളും ഇന്ത്യക്ക് അനുകൂലഘടകമാണ്. 400-450 റണ്‍സൊക്കെ പിറന്നാലും അത്ഭുതപ്പെടാനില്ല. ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ പരമ്പരയിലും വലിയ സ്കോറുകള്‍ പിറന്നത് നമ്മള്‍ കണ്ടതാണ്. പിച്ചില്‍ പുല്ല് തീരെയില്ലാത്തതിനാല്‍ ബൗളര്‍മാര്‍ക്ക് കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കേണ്ട. ഈ സാഹചര്യത്തില്‍ കരുത്തുറ്റ ബാറ്റിംഗ് നിരയുള്ള ഇന്ത്യക്ക് മുന്‍തൂക്കം ലഭിക്കും.

Latest Videos

ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് ഇറങ്ങുമെന്നതിനെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അത് ക്യാപ്റ്റന്റെ തീരുമാനമാണ്. ബാറ്റിംഗ് ഓര്‍ഡറിലെ ആദ്യ നാലു സ്ഥാനങ്ങള്‍ ഇടക്കിടെ മാറ്റി മറിക്കേണ്ടതില്ലെന്നും സഹീര്‍ അബ്ബാസ് പറഞ്ഞു. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകളാണ് സെമിയിലെത്താന്‍ സാധ്യതയുള്ള ടീമുകളെന്നും അബ്ബാസ് വ്യക്തമാക്കി.

click me!