ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതോടെ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്ക് മത്സരത്തിന് ഇറങ്ങുംവരെ. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാത്ത ടീം എന്ന നാണക്കേട് മാറ്റാന്‍ ഇത്തവണ സാധിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു
മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ കനത്ത തോല്‍വി ഉള്‍ക്കൊള്ളാന്‍ ഇതുവരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. അതില്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സര്‍ഫ്രാസിന് ബുദ്ധിയില്ലെന്ന് ഇതിഹാസ പേസര്‍ ഷൊയിബ് അക്തര്‍ പരിഹസിച്ചിരുന്നു.
അക്തറിനെ കൂടാതെ നിരവധി മുന്‍ താരങ്ങളും നായകനെതിരെ രംഗത്ത് വന്നിരുന്നു. ടോസ് നേടിയിട്ടും ഇന്ത്യക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുക്കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. കൂടാതെ, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതോടെ വലിയ പ്രതീക്ഷകളായിരുന്നു ആരാധകര്‍ക്ക് മത്സരത്തിന് ഇറങ്ങുംവരെ.
undefined
ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാത്ത ടീം എന്ന നാണക്കേട് മാറ്റാന്‍ ഇത്തവണ സാധിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍, ഒരുഘട്ടത്തില്‍ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനാകാതെ നാണംകെട്ട തോല്‍വിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഏറ്റുവാങ്ങിയത്. ഇതാണ് ആരാധരെ ചൊടിപ്പിച്ചത്.
ഇപ്പോള്‍ പാക് ക്രിക്കറ്റ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റൊരു വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. മാഞ്ചസ്റ്ററില്‍ ഗ്രൗണ്ടില്‍ നില്‍ക്കുന്ന സര്‍ഫ്രാസിനെ തടിയാ എന്ന വിളിച്ച് ആക്ഷേപിക്കുന്നാണ് വീഡിയോയില്‍ ഉള്ളത്. ഇന്ത്യക്കെതിരായ മത്സരത്തിന്‍റെ വെെകുന്നേരം ബര്‍ഗറും മില്‍ക്ക് ഷേക്കും സര്‍ഫ്രാസ് അടക്കമുള്ള താരങ്ങള്‍ വാങ്ങുന്നതിന്‍റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യക്കെതിരായ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ ആരോപണവുമായി പാക് മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാന്‍ ടീമില്‍ കളിക്കാര്‍ തമ്മില്‍ ഗ്രൂപ്പ് പോരാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വാസിമിനെയും ഇമാം ഉള്‍ ഹഖിനെയും കുറ്റപ്പെടുത്തി രംഗത്തുവന്നതായി പാക് ടെലിവിഷന്‍ ചാനലായ സമാ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരും തനിക്ക് പിന്തുണ നല്‍കിയില്ലെന്നും ടീമില്‍ ഗ്രൂപ്പുണ്ടാക്കുകയാണെന്നും സര്‍ഫ്രാസ് കുറ്റപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ടെലിവിഷന്‍ ചാനലായ ദുനിയയുടെ ആരോപണം പാക് ക്രിക്കറ്റ് ടീമില്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിന്റെയും ഇമാദ് വാസിമിന്റെയും നേതൃത്വത്തില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്നാണ്.
ഇവരാണ് പാക് നായകനെ ചതിച്ചതെന്നും ദുനിയ ആരോപിക്കുന്നു. സീനിയര്‍ താരം ഷൊയൈബ് മാലിക്കും ഗ്രൂപ്പിസത്തിന്റെ ആളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.