ഇംഗ്ലണ്ട് ടീമിനെ അസ്വസ്ഥപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്വന്തം കാണികളുടെ ആര്‍പ്പുവിളികളുടെ പിന്തുണയോടെ ആധിപത്യം ഉറപ്പിക്കാമെന്ന ഇംഗ്ലീഷ് പ്രതീക്ഷകളെ ഇന്ത്യന്‍ ആരാധകര്‍ തുരത്തിയോടിച്ചിരിക്കുകയാണ്
എഡ്ജ്ബാസ്റ്റണ്‍: ലോകകപ്പിലെ ഫേവറിറ്റുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും. ഏകദിന ക്രിക്കറ്റ് റാങ്കില്‍ ഇംഗ്ലീഷ് ടീം ഒന്നാം സ്ഥാനത്താണെങ്കില്‍ ഇന്ത്യ തൊട്ട് പിന്നില്‍ രണ്ടാമതാണ്. ഇരു ടീമും തമ്മില്‍ ഏറ്റവുമുട്ടുന്ന ഒരു സ്വപ്ന ഫെെനലാകും ക്രിക്കറ്റിന്‍റെ മക്കയായ ലോര്‍ഡ്സില്‍ അരങ്ങേറുക എന്ന പ്രവചിച്ചവര്‍ നിരവധിയാണ്.
ലോകകപ്പിന്‍റെ ആദ്യ ഘട്ടത്തിലും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ പോരടിക്കുന്നുണ്ട്. എഡ്ജ്ബാസ്റ്റണില്‍ ജൂണ്‍ 30നാണ് ആ മത്സരം. എന്നാല്‍, ഇംഗ്ലണ്ട് ടീമിനെ അസ്വസ്ഥപ്പെടുത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്വന്തം കാണികളുടെ ആര്‍പ്പുവിളികളുടെ പിന്തുണയോടെ ആധിപത്യം ഉറപ്പിക്കാമെന്ന ഇംഗ്ലീഷ് പ്രതീക്ഷകളെ ഇന്ത്യന്‍ ആരാധകര്‍ തുരത്തിയോടിച്ചിരിക്കുകയാണ്.
മത്സരത്തിന്‍റെ ടിക്കറ്റ് വില്‍പ്പന അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ 55 ശതമാനം ടിക്കറ്റുകളും ഇന്ത്യന്‍ ആരാധകര്‍ സ്വന്തമാക്കി കഴിഞ്ഞു. 42 ശതമാനം ടിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ട് ആരാധകര്‍ വാങ്ങിയിട്ടുള്ളൂ. അതായാത് എഡ്ജ്ബാസ്റ്റണിലെ ഗ്രൗണ്ട് ആകെ ഉള്‍ക്കൊള്ളുക 24,500 പേരാണ്.
അതില്‍ ഏകദേശം 13,500 പേരും ഇന്ത്യയെ പിന്തുണയ്ക്കാന്‍ എത്തുന്നവരാകും. പതിനായിരത്തോളം മാത്രമാകും ഇംഗ്ലീഷ് ആരാധകര്‍. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ എണ്ണത്തില്‍ കൂടുതലുണ്ടായിട്ടും എതിര്‍ ടീമിന്‍റെ ആരാധകര്‍ക്ക് മുന്നില്‍ ഇംഗ്ലീഷുകാര്‍ മുട്ടുമടക്കിയിരുന്നു. ഇപ്പോള്‍ സ്വന്തം നാട്ടിലായിട്ടും ഇന്ത്യന്‍ ആരാധകരുടെ ആവേശത്തിന് മുന്നില്‍ കളിക്കേണ്ട ഗതികേടിലാണ് ആതിഥേയര്‍.