'കോലി ആധുനിക കാലത്തെ ക്രിസ്തു'; പ്രശംസിച്ച് മുന്‍ ഇംഗ്ലീഷ് താരം

By Web TeamFirst Published Jun 25, 2019, 10:23 PM IST
Highlights

ബാറ്റില്‍ കൊണ്ടില്ലെങ്കിലും ശബ്ദം കേട്ടതോടെ വിരാട് തിരിഞ്ഞ് നടന്നു. അത് അദ്ദേഹം അത്രയും സത്യസന്ധനായത് കൊണ്ടാണ്. സത്യം പറയാമെല്ലോ, ആധുനിക കാലത്തെ ക്രിസ്തുവാണ് വിരാട് എന്ന് സ്വാന്‍ പറഞ്ഞു

ലണ്ടന്‍: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ മുഹമ്മദ് ആമിര്‍ എറിഞ്ഞ 48-ാം ഓവര്‍... നാലാം പന്തില്‍ അമീറിന്റെ ബൗണ്‍സറില്‍ ബാറ്റ് വെച്ച വിരാട് കോലിക്ക് പിഴച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിന്റെ കൈകളിലെത്തി. ആമിര്‍ ഔട്ടിനായി അപ്പീല്‍ ചെയ്തെങ്കിലും സര്‍ഫറാസ് കാര്യമായി അപ്പീല്‍ ചെയ്തില്ല.

അമ്പയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും കോലി പന്ത് ബാറ്റില്‍ തട്ടിയെന്ന് കരുതി ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചു നടന്നു. എന്നാല്‍ പിന്നീട് റീപ്ലേകളില്‍ വിരാട് കോലിയുടെ ബാറ്റില്‍ പന്ത് കൊണ്ടിരുന്നില്ലെന്ന് വ്യക്തമായി. അള്‍ട്രാ എഡ്ജിലും കോലിയുടെ ബാറ്റില്‍ പന്ത് തട്ടിയില്ലെന്ന് വ്യക്തമായിരുന്നു.

Latest Videos

ഇതു കണ്ടതോടെ ഡ്രസ്സിംഗ് റൂമിലിരുന്ന് ഇന്ത്യന്‍ താരങ്ങള്‍ അവിശ്വസനീയതയോടെ പരസ്പരം മുഖത്തോട് മുഖം നോക്കുന്നത് കാണാമായിരുന്നു. വിരാട് കോലിയാകട്ടെ ബാറ്റെടുത്ത് ഹാന്‍ഡിലില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട്, സ്വന്തം ബാറ്റാണ് കോലിയുടെ വിക്കറ്റിന് കാരണമായതെന്ന് വ്യക്തമായി.

ബാറ്റിന്‍റെ പിടി ഇളകിയതിനാൽ കേട്ട ശബ്ദം തെറ്റിധരിച്ചതായിരുന്നു താരം. പക്ഷേ, കളിക്കളത്തിലെ മാന്യതയുടെ മുഖമായി ഇന്ത്യന്‍ നായകന്‍റെ പ്രവര്‍ത്തി മാറി. ഇപ്പോള്‍ ആ പെരുമാറ്റത്തെ വാനോളം പ്രശംസ കൊണ്ട് മൂടുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ ഗ്രെയിം സ്വാന്‍.

ഇന്ത്യയുടെ നായകന്‍ സത്യസന്ധതയുടെ പ്രതിരൂപമാണെന്നും ആധുനിക കാലത്തെ ക്രിസ്തു എന്ന് വിളിക്കാമെന്നും സ്വാന്‍ പറഞ്ഞു. പുറത്തായെന്ന് മനസിലായ ശേഷവും തിരിച്ച് നടക്കാത്തവരെ തനിക്ക് വെറുപ്പാണ്. അങ്ങനെയുള്ളവരോട് ചിലപ്പോള്‍ വാഗ്വാദങ്ങളും നടത്താറുണ്ട്. അമ്പയര്‍മാരുടെ ജോലി അല്ലേ, അവര്‍ പറയട്ടെ എന്നാകും അവരുടെ വാദം..

പക്ഷേ അത് ചതിയാണ്. ഒരാള്‍ അയാളെ തന്നെ ചതിക്കുന്നതിന് തുല്യമാണ് അങ്ങനെ ക്രീസില്‍ തുടരുന്നത്. ബാറ്റില്‍ കൊണ്ടില്ലെങ്കിലും ശബ്ദം കേട്ടതോടെ വിരാട് തിരിഞ്ഞ് നടന്നു. അത് അദ്ദേഹം അത്രയും സത്യസന്ധനായത് കൊണ്ടാണ്. സത്യം പറയാമെല്ലോ, ആധുനിക കാലത്തെ ക്രിസ്തുവാണ് വിരാട്- സ്വാന്‍ പറഞ്ഞു. കൂടാതെ, ഈ ഗ്രഹത്തിലെ ഏറ്റവും ഇഷ്ടമുള്ള മനുഷ്യനാണ് വിരാട് എന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു. 

click me!