ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ രണ്ട് പേരും ആദ്യ 20 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തിരിച്ച് ഡ്രെസിംഗ് റൂമിലെത്തി. പിന്നാലെ എത്തിയ വിജയ് ശങ്കറിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ വിരാട് കോലിയാണ് പിടിച്ച് നിന്നത്
സതാംപ്ടണ്‍: വിജയക്കുതിപ്പ് തുടരാനെത്തിയ ഇന്ത്യയെ വരിഞ്ഞ് മുറുക്കി അഫ്ഗാനിസ്ഥാന്‍. ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യയും പരാജയം മാത്രം പേരിലുള്ള അഫ്ഗാനും ഏറ്റുമുട്ടിയപ്പോള്‍ വന്‍ സ്കോര്‍ എന്ന ഇന്ത്യന്‍ പ്രതീക്ഷകളെയാണ് അഫ്ഗാന്‍പട തടുത്തിടാന്‍ ശ്രമിക്കുന്നത്.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ രണ്ട് പേരും ആദ്യ 20 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തിരിച്ച് ഡ്രെസിംഗ് റൂമിലെത്തി. പിന്നാലെ എത്തിയ വിജയ് ശങ്കറിനും (29) കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ വിരാട് കോലിയാണ് പിടിച്ച് നിന്നത്.
അല്‍പം പതിയെ തുടങ്ങി നിലയുറപ്പിച്ച ഇന്ത്യന്‍ നായകന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ 2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി നേട്ടത്തിലേക്ക് ബാറ്റ് വീശിയ കോലിയെ മുഹമ്മദ് നബിയാണ് വീഴ്ത്തിയത്. 63 പന്തില്‍ 67 റണ്‍സാണ് കോലി നേടിയത്. ലോകകപ്പില്‍ മിന്നുന്ന ഫോമിലുള്ള രോഹിത് ശര്‍മയുടെ വിക്കറ്റ് വീഴ്ത്തി കോലിപ്പടയെ ഞെട്ടിച്ചാണ് അഫ്ഗാന്‍ തുടങ്ങിയത്.
ഇന്ത്യയെ മികച്ച ബൗളിംഗിലൂടെ ആദ്യ ഓവറുകളില്‍ പിടിച്ചുകെട്ടാന്‍ അഫ്ഗാന് സാധിച്ചു. ലോകകപ്പില്‍ തോല്‍വി അറിയാത്ത ഇന്ത്യക്കെതിരെ മികച്ച പ്രകടനം ലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്മാനാണ് രോഹിത്തിന്‍റെ വിക്കറ്റ് സ്വന്തമാക്കിയത്.
പത്തു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രമായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. തുടര്‍ന്ന് ഒത്തുച്ചേര്‍ന്ന നായകന്‍ വിരാട് കോലിയും കെ എല്‍ രാഹുലും ശ്രദ്ധയോടെ മുന്നോട്ട് പോകുന്നതിനിടെ അടുത്ത് വിക്കറ്റും വീണു. മുഹമ്മദ് നബിക്കെതിരെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് രാഹുലാണ് വിക്കറ്റ് തുലച്ചത്. 53 പന്തില്‍ നിന്ന് 30 റണ്‍സാണ് രാഹുല്‍ നേടിയത്.
കളി പുരോഗമിക്കുമ്പോള്‍ 32 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലിയാണ് ഇന്ത്യ. എം എസ് ധോണിക്കൊപ്പം കേദാര്‍ ജാദവ് ആണ് ക്രീസില്‍. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രതീക്ഷിക്കപ്പെട്ട ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. രണ്ട് മാറ്റവുമായിട്ടാണ് അഫ്ഗാന്‍ കളിക്കുന്നത്. നൂര്‍ അലി, ദ്വാളത് സദ്രാന്‍ എന്നിവര്‍ പുറത്തിരിക്കും. പകരം ഹസ്രത്തുള്ള സസൈ, അഫ്താബ് ആലം എന്നിവര്‍ ടീമിലെത്തി.