ആശിഷ് നെഹ്റ ഗുജറാത്ത് പരിശീലക സ്ഥാനം ഒഴിയുന്നു, പകരമെത്തുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ താരം

By Web TeamFirst Published Jul 24, 2024, 11:35 AM IST
Highlights

കഴിഞ്ഞ സീസണില്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍സിയില്‍ ദയനീയ പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെച്ചത്.

അഹമ്മദാബാദ്: ആശിഷ് നെഹ്റ ഗുജറാത്ത് ടൈറ്റൻസിന്‍റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ആദ്യ സീസണില്‍ തന്നെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ഗുജറാത്ത് ചാമ്പ്യന്‍മാരായതോടെയാണ് ആശിഷ് നെഹ്റയെന്ന പരിശീലകനും ശ്രദ്ധേയനായത്. ഫുട്ബോള്‍ പരിശീലകരെപ്പോലെ മത്സരത്തിനിടെ ബൗണ്ടറി ലൈനില്‍ നിര്‍ദേശങ്ങളുമായി ഓടിനടക്കുന്ന നെഹ്റാജി ആരാധകര്‍ക്കിടയിലും തരംഗമായിരുന്നു.

രണ്ടാം സീസണില്‍ ഹാര്‍ദ്ദിക്കിന് കീഴില്‍ ഗുജറാത്തിനെ ഫൈനലിലെത്തിച്ചതോടെ നെഹ്റ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പര്‍ പരിശീലകനായി ഉയര്‍ന്നു. രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ ടീമിന്‍റെ പരിശീലകനായിവരെ നെഹ്റയുടെ പേര് പരിഗണിക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുപോകുകയും പകരം ശുഭ്മാന്‍ ഗില്‍ ഗുജറാത്ത് നായകനാവുകയും ചെയ്തു. എന്നാല്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍സിയില്‍ ദയനീയ പ്രകടനമാണ് ഗുജറാത്ത് കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ അഞ്ച് ജയംമാത്രം നേടിയ ഗുജറാത്ത് കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Latest Videos

പ്രൈമറി സ്കൂളില്‍ നിന്ന് നേരെ പാരീസിലേക്ക്, ഒളിംപിക്സില്‍ ചരിത്രമെഴുതാൻ ചൈനയുടെ 11കാരി യങ് ഹഹാവോ

ഇതോടെയാണ് ആശിഷ് നെഹ്റയെ പരിശീലകസ്ഥാനത്തു നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ മെന്‍റര്‍ കൂടിയായ ഇന്ത്യൻ സൂപ്പര്‍ താരം യുവരാജ് സിംഗിനെയാണ് ഗുജറാത്ത് പരിശീലകനായി പരിഗണിക്കുന്നത് എന്നാണ്. സൂചന. പഞ്ചാബ് താരമായ ഗില്ലിന്‍റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ യുവരാജ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഗില്ലിന് പുറമെ ഇന്ത്യൻ ടി20 ടീമില്‍ അരങ്ങേറി സെഞ്ചുറിയുമായി വരവറിയിച്ച അഭിഷേക് ശര്‍മയുടെയും മെന്‍ററാണ് യുവി.

പേരിനൊരു പെണ്‍തരിയില്ല, ഒളിംപിക്സിൽ കേരളത്തിന്‍റെ അഭിമാനമാകാന്‍ 7 മലയാളികള്‍;മെഡല്‍ പ്രതീക്ഷ ആര്‍ക്കൊക്കെ

ഇതു കൂടി കണക്കിലെടുത്താണ് ഗുജറാത്ത് യുവരാജിനെ അടുത്ത സീസണിലേക്ക് മുഖ്യപരിശീലകനായി പരിഗണിക്കുന്നത്. എന്നാല്‍ പരിശീലക ചുമതല ഏറ്റെടുക്കുന്നതിനെക്കുറിച്ച് യുവി ഇതുവരെ മനസുതുറന്നിട്ടില്ല. ഗില്ലിന്‍റെ പ്രത്യേക താല്‍പര്യപ്രകരമാണ് യുവിയെ ഗുജറാത്ത്  മുഖ്യ പരിശീലകനായി പരിഗണിക്കുന്നതെന്നാണ് സൂചന. യുവി മുഖ്യ പരിശീലകനായാല്‍ അടുത്ത സീസണിലെ മെഗാ താരലേലം നടക്കുമ്പോള്‍ ഹൈദരാബാദിന്‍റെ താരമായ അഭിഷേക് ശര്‍മയെ ടീമിലെത്തിക്കാനും ഗുജറാത്ത് ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!