ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ അവനുണ്ടാകും, വമ്പന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Nov 28, 2023, 3:26 PM IST
Highlights

കഴിഞ്ഞ ഏതാനും പരമ്പരകളിലായി അവന്‍ ടി20 ഫോര്‍മാറ്റില്‍ കളിക്കുന്നു. ലഭിച്ച അവസരങ്ങളിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും അവന് മികവ് കാട്ടി.

മുംബൈ: ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ യുവതാരങ്ങളെ ഇറക്കി ഇന്ത്യ തുടര്‍ വിജയങ്ങള്‍ നേടിയതിന് പിന്നാലെ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ഓപ്പണറെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായര്‍. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ യുവതാരം യശസ്വി ജയ്സ്വാള്‍ ലോകകപ്പിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞുവെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ബാറ്റിംഗ് പരിശീലകന്‍ കൂടിയായ അഭിഷേക് നായര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും പരമ്പരകളിലായി അവന്‍ ടി20 ഫോര്‍മാറ്റില്‍ കളിക്കുന്നു. ലഭിച്ച അവസരങ്ങളിലൊക്കെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും അവന് മികവ് കാട്ടി. ഭാവി താരമായി വളര്‍ന്നുവരുന്ന കളിക്കാരനാണ് അവന്‍. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ടീമില്‍ അവനുണ്ടാകുമെന്നുറപ്പാണ്. അതിന് മുമ്പ് ഏതാനും പരമ്പരകളും ഐപിഎല്ലും എല്ലാം കഴിയാനുണ്ടെങ്കിലും ഇപ്പോള്‍ കളിക്കുന്ന ശൈലി നോക്കിയാല്‍ അവനെ ഒഴിവാക്കാനുള്ള കാരണങ്ങളൊന്നും കാണാനില്ലെന്നും അഭിഷേക് നായര്‍ പറഞ്ഞു.

Latest Videos

ലോകകപ്പ് ഫൈനലിന് മുമ്പ് രോഹിത് ഒരിക്കലും അക്കാര്യം പറയരുതായിരുന്നു, തുറന്നു പറഞ്ഞ് ഗംഭീര്‍

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ അവന്‍ പുറത്തെടുത്ത ഇന്നിംഗ്സ് കണ്ടാല്‍ അക്കാര്യം ബോധ്യപ്പെടും. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെതിരെ പവര്‍ ഹിറ്റിങ് നടത്തിയ യശസ്വി പേസര്‍മാരുടെ വേഗം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. നിയന്ത്രണത്തോടെ എന്നാല്‍ ആക്രമണോത്സുകത ഒട്ടും കുറയാത്ത ഇന്നിംഗ്സായിരുന്നു യശസ്വി കളിച്ചതെന്നും അഭിഷേക് നായര്‍ വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ എട്ട് പന്തില്‍ 21 റണ്‍സെടുത്ത യശസ്വി രണ്ടാം ടി20യില്‍ 25 പന്തില്‍ 53 റണ്‍സെടുത്തിരുന്നു. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്സ്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തും യശസ്വി തിളങ്ങി. അടുത്തവര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളിലായി അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!