കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി കളത്തിന് പുറത്തായിരുന്നു
കൊല്‍ക്കത്ത: പരിക്ക് മാറി ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചിരുന്നു. പിന്നാലെ രണ്ടാം ടെസ്റ്റിന് ശേഷം ഷമി ടീമിനൊപ്പം ചേരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ ബംഗാളിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയാണ് ഷമി. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ കളിച്ച ഷമി തന്റെ ശരീരം ഫിറ്റാണെന്ന് തെളിയിച്ചുകൊടുത്തു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് ഷമി എപ്പോള്‍ ടീമിനൊപ്പം ചേരുമെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ലെന്നുള്ളതാണ്.
കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി കളത്തിന് പുറത്തായിരുന്നു. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലേക്ക് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തി. ബംഗാളിനായി ഒരു രഞ്ജി ട്രോഫി മത്സരം കളിച്ച അദ്ദേഹം ഏഴ് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 34 കാരനായ പേസര്‍ മുഷ്താഖ് അലിയില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 23.3 ഓവര്‍ നല്‍കി അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഷമിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ ഒരുക്കമാണെങ്കിലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഷമിയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ഒരു പ്രത്യേക ടീമിനെ തന്നെ ബിസിസിഐ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ തീരുമാനമെടുക്കൂ. എല്ലാം നല്ല രീതിയില്‍ വന്നാല്‍, ഷമി ഉടന്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കും.
2023ല്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയില്‍ കൡച്ചത്. 2023ലാണ് അദ്ദേഹം അവസാനമായി ടെസ്റ്റ് കളിച്ചത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു അത്.