ഇതെന്താ മോഹിനിയാട്ടമോ? ഓസ്‌ട്രേലിയന്‍ കാണികള്‍ക്കൊപ്പം നൃത്തംവച്ച് പാക് പേസര്‍ ഹസന്‍ അലി - വൈറല്‍ വീഡിയോ

By Web TeamFirst Published Dec 28, 2023, 5:10 PM IST
Highlights

പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലി ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണത്. ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്നു ഹസന്‍ അലി.

മെല്‍ബണ്‍: പാകിസ്ഥാനെതിരെ മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറിന് 187 എന്ന നിലയിലാണ് ഓസീസ്. നിലവില്‍ 241 റണ്‍സിന്റെ ലീഡായി ഓസ്ട്രേലിയക്ക്. ഒരു ഘട്ടത്തില്‍ കൂട്ടത്തകര്‍ച്ച മുന്നില്‍ ഓസീസിനെ മിച്ചല്‍ മാര്‍ഷ് (96) സ്റ്റീവന്‍ സ്മിത്ത് (50) കൂട്ടുകെട്ട് രക്ഷിച്ചെടുക്കുകയായിരുന്നു. ഷഹീന്‍ അഫ്രീദിയും മിര്‍ ഹംസയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 318നെതിരെ പാകിസ്ഥാന്‍ 264ന് പുറത്തായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ ഒരുഘട്ടത്തില്‍ നാലിന് 16 എന്ന നിലയിലായിരുന്നു ഓസീസ്. മൂന്നാം ദിനമായ ഇന്ന് ഉസ്മാന്‍ ഖവാജയുടെ (0) വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് ക്യാച്ച്. ലബുഷെയ്‌നും (4) അഫ്രീദിയുടെ പന്തില്‍ ഇതേ രീതിയില്‍ പുറത്തായി. എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ഇടങ്കയ്യന്മാാരായ ഡേവിഡ് വാര്‍ണര്‍ (6), ട്രാവിസ് ഹെഡ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ മിര്‍ ഹംസ ബൗള്‍ഡാക്കി. 

Latest Videos

പിന്നാലെയാണ് സ്മിത്ത് - മാര്‍ഷ് സഖ്യം ഓസീസിനെ കരകയറ്റിയത്. ഇരുവരും 153 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സെഞ്ചുറിക്ക് നാല് റണ്‍ അകലെ മാര്‍ഷ് പുറത്തായി. മിര്‍ ഹംസയുടെ പന്തില്‍ ബൗള്‍ഡ്. 130 പന്തുകള്‍ നേരിട്ട താരം 13 ബൗണ്ടറികള്‍ നേടി. തുര്‍ന്ന് ക്രീസിലെത്തിയ അലക്സ് ക്യാരി (16) പരമാവധി പന്തുകള്‍ പ്രതിരോധിച്ചു. എന്നാല്‍ മൂന്നാം ദിനം കളിനിര്‍ത്തും മുമ്പ് സ്മിത്തിനെ മടക്കാന്‍ പാകിസ്ഥാനായി. മൂന്ന് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. സ്മിത്ത് പുറത്താവുന്നതിന് മുമ്പുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലി ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണത്. ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്നു ഹസന്‍ അലി. കാണികള്‍ താളത്തില്‍ ആവേശം കൊണ്ടപ്പോള്‍ ഹസന്‍ അലിയും അവര്‍ക്കൊപ്പവും ചേര്‍ന്നു. വീഡിയോ കാണാം.. 

Get your body moving with Hasan Ali! pic.twitter.com/8Y0ltpInXx

— cricket.com.au (@cricketcomau)

MCG crowd dancing with Hasan Ali.

- Test atmosphere in MCG is 🔥pic.twitter.com/PU6gvHQcMg

— Johns. (@CricCrazyJohns)

ആറിന് 194 എന്ന നിലയില്‍ മൂന്നാംദിനം ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച പാകിസ്ഥാനെ റിസ്വാന്‍ (42), ആമേര്‍ ജമാല്‍ (33) എന്നിവരുടെ ഇന്നിംഗ്‌സാണ് 250 കടത്തിയത്. റിസ്വാന്‍ ആദ്യം പുറത്തായി. പിന്നീടെത്തിയ അഫ്രീദി (21) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹസന്‍ അലി (2), മിര്‍ ഹംസ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കമ്മിന്‍സിന് അഞ്ച് വിക്കറ്റുണ്ട്. നതാന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി.

ഓസീസിന്റെ ആദ്യ ഇന്നിംഗ്‌സില്‍ കരുത്തായത് ലബുഷെയ്ന്‍ (63), ഖവാജ (42), മിച്ചല്‍ മാര്‍ഷ് (41), ഡേവിഡ് വാര്‍ണര്‍ (38) എന്നിവരുടെ ഇന്നിംഗ്‌സായിരുന്നു. സറ്റീവന്‍ സ്മിത്ത് (26), ട്രാവിസ് ഹെഡ് (17), അലക്‌സ് ക്യാരി (4), മിച്ചല്‍ സ്റ്റാര്‍ക്ക് (9) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കമ്മിന്‍സ് (13), ലിയോണ്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജോഷ് ഹേസല്‍വുഡ് (5) പുറത്താവാതെ നിന്നു.

വിചിത്രവും രസകരവുമായ കാരണം! ഓസീസ്-പാക് ടെസ്റ്റ് നിര്‍ത്തിവെച്ചു; ചിരിയടക്കാനാവാതെ വാര്‍ണറും അംപയര്‍മാരും

click me!