Virat Kohli Daughter : മാധ്യമങ്ങള്‍ വാമികയുടെ ചിത്രമെടുക്കുന്നത് വിലക്കി വിരാട് കോലി

By Web Team  |  First Published Dec 17, 2021, 8:18 PM IST

വിമാനത്താവളത്തിലെത്തിയ ടീം ബസില്‍ നിന്ന് വിരാട് കോലിയാണ് ആദ്യം പുറത്തിറങ്ങിയത്. കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോടും ഫോട്ടോഗ്രാഫര്‍മാരോടും മകള്‍ വാമികയുടെ ചിത്രങ്ങള്‍ എടുക്കരുതെന്ന് കോലി ഹിന്ദിയില്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്.


മുംബൈ: മകള്‍ വാമികയുടെ(Vamika) ചിത്രമെടുക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി(Virat Kohli). രണ്ട് മാസം നീളുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്(India tour of South Africa) പോകാനായി ഇന്നലെ മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കോലി മാധ്യമങ്ങളോട് മകളുടെ ചിത്രങ്ങളെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചത്.

വിമാനത്താവളത്തിലെത്തിയ ടീം ബസില്‍ നിന്ന് വിരാട് കോലിയാണ് ആദ്യം പുറത്തിറങ്ങിയത്. കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോടും ഫോട്ടോഗ്രാഫര്‍മാരോടും മകള്‍ വാമികയുടെ ചിത്രങ്ങള്‍ എടുക്കരുതെന്ന് കോലി ഹിന്ദിയില്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. കുട്ടിയുടെ ചിത്രമെടുക്കരുതെന്ന് കോലി മാധ്യമങ്ങളോട് പറയുന്നത് വീഡിയോയില്‍ കാണാം. കോലിക്ക് പിന്നാലെ ഏതാനും ഇന്ത്യന്‍ താരങ്ങളും പിന്നാലെ വാമികയുമൊത്ത് അനുഷ്കയും(Anushka Sharma) ടീം ബസില്‍ നിന്നിറങ്ങി.

Latest Videos

undefined

വാമികയുടെ ഒന്നാം പിറന്നാളാണ് അടുത്തമാസം 11ന് . മകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു കാരണവശാലും പങ്കുവെക്കില്ലെന്ന് കോലിയും അനുഷ്കയും നേരത്തെ തീരുമാനമെടുത്തിരുന്നു. മകളുടെ പിറന്നാള്‍ ആഘോഷിക്കാനായി കോലി ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കോലി ഇത് നിഷേധിച്ചിരുന്നു.

പുതിയ ഏകദിന നായകന്‍ രോഹിത് ശര്‍മക്ക് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കോലി വാമികയുടെ പിറന്നാളിന്‍റെ പേരില്‍ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച കോലി രോഹിത്തിന് കീഴില്‍ കളിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും തുറന്നു പറഞ്ഞു.

കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നവെന്ന ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ വാദങ്ങള്‍ തള്ളിയ കോലി ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ സെലക്ട് ചെയ്കതശേഷം അവസാനമാണ് ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നോട് പറഞ്ഞതെന്നും തുറന്ന് പറഞ്ഞ് വിവാദത്തിന് തിരികൊളുത്തിയിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് അഭ്യര്‍ഥിച്ചിരുന്നുവെന്ന ഗാംഗുലിയുടെ വാദവും കോലി പാടെ തള്ളിയിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലാത്ത ഇന്ത്യ ഇത്തവണ പരമ്പര നേടാനുറച്ചാണ് എത്തിയിരിക്കുന്നത്. രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ് പുറത്തായതിനാല്‍ പരമ്പര നേടുക എന്നത് ഇന്ത്യക്ക് വെല്ലുവിളിയാവും. ഈ മാസം 26നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

click me!