കൃഷ്‌ണ പ്രസാദ്, രോഹന്‍ എസ് കുന്നുമ്മല്‍ സെഞ്ചുറി; റെക്കോര്‍ഡുകള്‍ തൂത്തുവാരി കേരള ക്രിക്കറ്റ് ടീം

By Web TeamFirst Published Dec 9, 2023, 1:23 PM IST
Highlights

വിജയ് ഹസാരെ ട്രോഫി 2023ല്‍ കേരളത്തിന്‍റെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാജ്‌കോട്ടില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ പിറന്നത്

രാജ്‌കോട്ട്: രാജ്യാന്തര ക്രിക്കറ്റില്‍ പോലും ഏതൊരു ഓപ്പണിംഗ് ജോഡിയും കൊതിക്കുന്ന സ്വപ്‌ന തുടക്കം, വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിലെ പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളത്തിനായി കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്തത് അത്തരത്തിലായിരുന്നു. മഹാരാഷ്ട്ര ബൗളര്‍മാരെ കരുതലോടെ നേരിട്ട് തുടങ്ങിയൊടുവില്‍ ഓപ്പണിംഗ് വിക്കറ്റില്‍ 34.1 ഓവറില്‍ ഇരുവരും 218 റണ്‍സ് ചേര്‍ത്തപ്പോള്‍ അത് റെക്കോര്‍ഡായി. 

വിജയ് ഹസാരെ ട്രോഫി 2023ല്‍ കേരളത്തിന്‍റെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാജ്‌കോട്ടില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ പിറന്നത്. മാത്രമല്ല, ലിസ്റ്റ് എ ക്രിക്കറ്റില്‍ കേരളത്തിനായി ഒരേ മത്സരത്തില്‍ രണ്ട് ഓപ്പണര്‍മാരും സെഞ്ചുറി സ്വന്തമാക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. വി എ ജഗദീഷും എ എം ഹെഗ്‌ഡെയും, വിഷ്‌ണു വിനോദും റോബിന്‍ ഉത്തപ്പയും മാത്രമാണ് മുമ്പ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരേ മാച്ചില്‍ കേരളത്തിനായി സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓപ്പണിംഗ് സഖ്യം. എന്നാല്‍ 2010ല്‍ ജഗദീഷും ഹെഗ്‌ഡെയും നേടിയ 241 റണ്‍സിന്‍റെ റെക്കോര്‍ഡ് രോഹനും പ്രസാദിനും തകര്‍ക്കാനായില്ല.

Latest Videos

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പുല്ലുള്ള പിച്ചില്‍ മഹാരാഷ്‌ട്രക്കെതിരെ കരുതലോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ എസ് കുന്നുമ്മലും കേരളത്തിനായി ഇന്നിംഗ്‌സ് തുടങ്ങിയത്. രോഹന്‍ 53 പന്തിലും പ്രസാദ് 63 പന്തില്‍ ഫിഫ്റ്റി തികച്ചു. ഇതിന് ശേഷം ഗിയര്‍മാറ്റിയ രോഹന്‍ എസ് കുന്നുമ്മല്‍ 83 പന്തിലും കൃഷ്‌ണ പ്രസാദ് 114 പന്തിലും സെഞ്ചുറിയും പൂര്‍ത്തിയാക്കി. പ്രസാദിന്‍റെ ആദ്യ ലിസ്റ്റ് എ ശതകമാണിതെങ്കില്‍ റണ്‍വഴിയിലേക്കുള്ള മടങ്ങിവരവാണ് രോഹന് ഇത്. ഇരുവരുടെയും കൂട്ടുകെട്ട് പൊളിക്കാന്‍ മഹാരാഷ്‌ട്ര ബൗളര്‍മാര്‍ക്ക് 35-ാം ഓവറിലെ ആദ്യ പന്തില്‍ മാത്രമേ സാധിച്ചുള്ളൂ. 95 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ കാസി മടക്കുകയായിരുന്നു. 

തുടര്‍ന്നും  തകര്‍ത്തടിച്ച കൃഷ്‌ണ പ്രസാദവട്ടെ 137 പന്തില്‍ 13 ഫോറും 4 സിക്‌സോടെയും 144 റണ്‍സും പേരിലാക്കി. സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43), അബ്‌ദുള്‍ ബാസിദ് (18 പന്തില്‍ 35*), സച്ചിന്‍ ബേബി (2 പന്തില്‍ 1*) എന്നിവരും തിളങ്ങിയതോടെ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 എന്ന റെക്കോര്‍ഡ് സ്കോറിലെത്തി. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണിത്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. 

Read more: അടിച്ച് മഹാരാഷ്‌ട്രയുടെ കോണ്‍ തെറ്റിച്ചു; കേരളം 383-4, റെക്കോര്‍ഡ്! രണ്ട് സെഞ്ചുറി, ബാക്കിയും വെടിക്കെട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!