മൂന്നാം ടെസ്റ്റിന് മുമ്പ് സ്പിന്നറെ ഒഴിവാക്കി ടീം ഇന്ത്യ; താരം രഞ്ജിയില്‍, അവ്യക്തതകള്‍ അവസാനിക്കുന്നില്ല

By Web TeamFirst Published Feb 9, 2024, 9:59 PM IST
Highlights

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡ‍ിനെ ചൊല്ലിയുള്ള അവ്യക്തതകള്‍ അവസാനിക്കുന്നില്ല, ഏറ്റവും പുതിയ വിവരങ്ങള്‍ 

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപനം വൈകുന്നതിനിടെ ഇടംകൈയന്‍ സ്പിന്നര്‍ സൗരഭ് കുമാറിനെ റിലീസ് ചെയ്ത് സെലക്ടര്‍മാര്‍. പരിക്കേറ്റ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായാണ് സൗരഭിനെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീം വിട്ട സൗരഭ് രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ ഉത്തര്‍പ്രദേശിനായി ഇന്ന് കളത്തിലിറങ്ങി. 20 ഓവര്‍ പന്തെറിഞ്ഞ താരം ഒരു വിക്കറ്റേ നേടിയുള്ളൂ. അതേസമയം പരിക്ക് മാറി രവീന്ദ്ര ജഡേജ മൂന്നാം ടെസ്റ്റിലേക്ക് മടങ്ങിയെത്തുമോ എന്ന് വ്യക്തമല്ല. 

ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടില്‍ മൂന്നാം ടെസ്റ്റ് ഫെബ്രുവരി 15ന് ആരംഭിക്കാനിരിക്കേ ഇതുവരെ സ്ക്വാഡ് ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. സൗരഭ് കുമാറിനെ മാത്രമാണ് നിലവില്‍ സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്തത് എന്നാണ് സൂചന. രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിലുണ്ടായിരുന്ന മറ്റ് സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാരും രഞ്ജി ട്രോഫിയിലേക്ക് മടങ്ങിവന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം തുലാസിലുള്ള വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്, പേസര്‍ മുകേഷ് കുമാര്‍ എന്നിവരും സ്ക്വാഡില്‍ നിന്ന് പുറത്തായിട്ടില്ല. മുകേഷ് ബംഗാളിനായും ഭരത് ആന്ധ്രക്കായും ഇന്നാരംഭിച്ച രഞ്ജി മത്സരങ്ങള്‍ കളിക്കുന്നില്ല. ഇന്ത്യന്‍ സ്ക്വാഡിലുണ്ടെങ്കിലും ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിക്കാത്ത ബാറ്റര്‍ സര്‍ഫറാസ് ഖാനും രഞ്ജിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. 

Latest Videos

പേസര്‍ ആവേഷ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരെലും ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡില്‍ തുടരാനാണ് സാധ്യത. പരിക്കേറ്റ ശ്രേയസ് അയ്യര്‍ മൂന്നാം ടെസ്റ്റ് കളിക്കുമോ എന്ന് വ്യക്തമല്ല. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലിയുടെ മടങ്ങിവരവിലും വ്യക്തതയില്ല. പരമ്പരയില്‍ ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ച രജത് പാടിദാറിന്‍റെ ഭാവിയും ആകാംക്ഷയായി തുടരുകയാണ്. എന്നാല്‍ പരിക്ക് മാറി കെ എല്‍ രാഹുലും വിശ്രമം കഴിഞ്ഞ് മുഹമ്മദ് സിറാജും രാജ്കോട്ട് ടെസ്റ്റിലേക്ക് മടങ്ങിയെത്തും. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖാപനം ഉടനുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Read more: മൂന്നാം ടെസ്റ്റ്; ഇംഗ്ലണ്ടിന് ഒരു ഇന്ത്യന്‍ താരം കനത്ത ഭീഷണിയെന്ന് മൈക്കല്‍ വോണ്‍, ബുമ്ര അല്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!