ബ്രയാന്‍ ലാറയുടെ 501* സുരക്ഷിതം, തന്‍മയ് അഗര്‍വാള്‍ 366ല്‍ പുറത്ത്; പക്ഷേ എന്നിട്ടും ലോക റെക്കോര്‍ഡ്

By Web TeamFirst Published Jan 27, 2024, 3:06 PM IST
Highlights

രഞ്ജി ട്രോഫിയില്‍ അരുണാചലിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിന്‍റെ ആദ്യ ദിനം തന്നെ 147 പന്തില്‍ 300 റണ്‍സ് തികച്ച് തന്‍മയ് അഗര്‍വാള്‍ വേഗമേറിയ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു

ഹൈദരാബാദ്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡിട്ട് ഞെട്ടിച്ച ഹൈദരാബാദ് യുവതാരം തന്‍മയ് അഗര്‍വാള്‍ വിന്‍ഡീസ് ഇതിഹാസ ബാറ്റര്‍ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കാതെ പുറത്ത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന ലാറയുടെ 501* റണ്‍സ് അരുണാചല്‍ പ്രദേശിന് എതിരായ രണ്ടാം ദിനം തകര്‍ക്കുമെന്ന് കരുതിയ തന്‍മയ് 181 പന്തില്‍ 366 റണ്‍സുമായി പുറത്തായി. ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ന്നില്ലെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ എന്ന റെക്കോര്‍ഡ് തന്‍മയ് അഗര്‍വാള്‍ സ്വന്തമാക്കി. 

രഞ്ജി ട്രോഫിയില്‍ അരുണാചലിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിന്‍റെ ആദ്യ ദിനം തന്നെ 147 പന്തില്‍ 300 റണ്‍സ് തികച്ച് തന്‍മയ് അഗര്‍വാള്‍ വേഗമേറിയ ഫസ്റ്റ് ക്ലാസ് ട്രിപ്പിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് ഒന്നാം ദിനം 48 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 529 റണ്‍സ് അടിച്ചുകൂട്ടി. ക്യാപ്റ്റന്‍ രാഹുല്‍ സിംഗ് ഗെഹ്‌ലോട്ട് 105 പന്തില്‍ 185 റണ്‍സെടുത്ത് പുറത്തായപ്പോള്‍ തന്‍മയ് അഗര്‍വാള്‍ (160 പന്തില്‍ 323*), അഭിരാഥ് റെഡ്ഡി (24 ബോളില്‍ 19*)ഉം ആയിരുന്നു ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്. 

Latest Videos

വ്യക്തിഗത സ്കോര്‍ 323 റണ്‍സുമായി രണ്ടാം ദിനം ക്രീസിലെത്തിയ തന്‍മയ് അഗര്‍വാള്‍ പക്ഷേ 181 പന്തില്‍ 34 ഫോറും 26 സിക്സറും സഹിതം 366 റണ്‍സുമായി പുറത്തായി. എങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിന്നിംഗില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തുന്ന താരമെന്ന നേട്ടം തന്‍മയ് സ്വന്തമാക്കി. 2015ല്‍ സെന്‍ട്രല്‍ ഡിസ്ട്രിക്‌സിനെതിരെ ഓക്‌ലന്‍ഡിനായി ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ മണ്‍റോ നേടിയ 23 സിക്സിന്‍റെ റെക്കോര്‍ഡാണ് തന്‍മയ് അഗര്‍വാള്‍ തകര്‍ത്തത്. തന്‍മയ്‌യുടെ 366 റണ്‍സിന് പുറമെ ക്യാപ്റ്റന്‍ രാഹുല്‍ സിംഗ് ഗെഹ്‌ലോട്ട് 185 റണ്‍സും നേടിയപ്പോള്‍ ഹൈദരാബാദ് 59.3 ഓവറില്‍ 615-4 എന്ന ഹിമാലയന്‍ സ്കോറില്‍ രണ്ടാം ദിനം ഡിക്ലെയര്‍ ചെയ്തു. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ അരുണാചല്‍ പ്രദേശ് 172 റണ്‍സില്‍ ഓള്‍ഔട്ടായിരുന്നു. 

Read more: 147 പന്തില്‍ ട്രിപ്പിൾ സെഞ്ചുറി; രഞ്ജി ട്രോഫിയില്‍ ലോക റെക്കോര്‍ഡിട്ട് ഹൈദരാബാദ് താരം; നിരാശപ്പെടുത്തി രഹാനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!