പാവം പാപുവ ന്യൂ ഗിനിയ, ലോക്കീ ലോക്ക് ചെയ്തു; ന്യൂസിലൻഡിന് ആശ്വാസ ജയം, ബോള്‍ട്ട് ലോകകപ്പില്‍ നിന്ന് വിരമിച്ചു

By Web Team  |  First Published Jun 18, 2024, 8:11 AM IST

പാപുവ ന്യൂ ഗിനിയ നിരയിൽ എട്ടുപേർ രണ്ടക്കം കണ്ടില്ല. 25 പന്തില്‍ 17 റണ്‍സ് നേടിയ ചാള്‍സ് അമിനിയായിരുന്നു ടോപ് സ്കോറര്‍.


ട്രിനിഡാഡ്: ട്വന്‍റി 20 ലോകകപ്പിൽ ന്യൂസിലൻഡിന് ആശ്വാസ ജയം. കിവീസ് അവസാന ഗ്രൂപ്പ് മത്സരത്തിൽ 7 വിക്കറ്റിന് ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ പാപുവ ന്യൂ ഗിനിയയെ തോൽപിച്ചു. പാപുവ ന്യൂ ഗിനിയയെ 78 റൺസിന് എറിഞ്ഞിട്ട ന്യൂസിലൻഡ് പതിമൂന്നാം ഓവറിൽ ലക്ഷ്യത്തിലെത്തി. ഫിന്‍ അലന്‍ (2 പന്തില്‍ 0), ദേവോണ്‍ കോണ്‍വെ (32 പന്തില്‍ 35), രചിന്‍ രവീന്ദ്ര (11 പന്തില്‍ 6) എന്നിവര്‍ പുറത്തായപ്പോള്‍ നായകന്‍ കെയ്‌ന്‍ വില്യംസണും (17 പന്തില്‍ 18*), ഡാരില്‍ മിച്ചലും (12 പന്തില്‍ 19*) മത്സരം ജയിപ്പിച്ചു. 

പാപുവ ന്യൂ ഗിനിയ നിരയിൽ എട്ടുപേർ രണ്ടക്കം കണ്ടില്ല. 25 പന്തില്‍ 17 റണ്‍സ് നേടിയ ചാള്‍സ് അമിനിയായിരുന്നു ടോപ് സ്കോറര്‍. നായകന്‍ ആസാദ് വാല ആറ് റണ്‍സില്‍ പുറത്തായി. പേസര്‍മാരായ ലോക്കീ ഫെർഗ്യൂസണ്‍ മൂന്നും ട്രെന്‍ഡ് ബോൾട്ടും ടിം സൗത്തിയും സ്‌പിന്നര്‍ ഇഷ് സോധിയും രണ്ട് വിക്കറ്റ് വീതവും നേടി. ട്വന്‍റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ലോക്കീ ഫെർഗ്യൂസൺ റെക്കോര്‍ഡിടുന്നതിന് മത്സരം സാക്ഷിയായി. പാപുവ ന്യൂ ഗിനിയക്കെതിരെ നാലോവർ പന്തെറിഞ്ഞ ഫെർഗ്യൂസൺ ഒറ്റ റൺ പോലും വഴങ്ങാതെയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ആസാദ് വാല, ചാൾസ് അമിനി, ചാഡ് സോപർ എന്നീ പ്രധാന ബാറ്റർമാരെയാണ് ഫെർഗ്യൂസണ്‍ പുറത്താക്കിയത്. ഒരുപക്ഷേ ട്വന്‍റി 20 ക്രിക്കറ്റിൽ തക‍ർക്കപ്പെടാൻ സാധ്യത ഇല്ലാത്തൊരു റെക്കോർഡായിരിക്കും ഇത്. 

Latest Videos

undefined

ജയത്തോടെ ട്വന്‍റി 20 ലോകകപ്പ് ക്രിക്കറ്റിനോട് ന്യൂസിലൻഡ് പേസർ ട്രെന്‍റ് ബോൾട്ട് വിടപറഞ്ഞു. പാപുവ ന്യൂ ഗിനിയയ്ക്കെതിരായ മത്സരത്തിൽ ബോൾട്ട് നാലോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. 34കാരനായ ബോൾട്ട് ആകെ 61 ട്വന്‍റി 20യിൽ നിന്ന് 83 വിക്കറ്റ് നേടിയിട്ടുണ്ട്. ട്വന്‍റി 20 ലോകകപ്പിൽ പതിനെട്ട് കളിയിൽ നിന്ന് 34 വിക്കറ്റാണ് ബോൾട്ടിന്‍റെ സമ്പാദ്യം.

Read more: നാലോവറില്‍ പൂജ്യം റണ്ണിന് മൂന്ന് വിക്കറ്റ്! റെക്കോര്‍ഡിട്ട് ഫെര്‍ഗ്യൂസണ്‍; പാപുവ ന്യൂ ഗിനിയ 78ല്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!