സഞ്ജു ഷോ അവസാനിക്കുന്നില്ല, ഇനിയുള്ള കളി നാട്ടില്‍! കേരളത്തെ നയിച്ചേക്കും; മുഷ്താഖ് അലി ടി20ക്കുള്ള ടീം ഉടന്‍

By Web Team  |  First Published Nov 17, 2024, 8:50 PM IST

ഇന്ത്യക്ക് ഇനി ജനുവരിയില്‍ മാത്രമാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കേണ്ടത്.


തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിച്ചേക്കും. ഈ മാസം 23നാണ് കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഗ്രൂപ്പ് ഇയില്‍ ആദ്യ ത്സരത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ ആദ്യ എതിരാളി. സര്‍വീസസിന് പുറമെ ശക്തരായ മഹാരാഷ്ട്ര, മുംബൈ, ആന്ധ്ര പ്രദേശ് എന്നിവര്‍ക്കെതിരേയും കേരളം കളിക്കും. നാഗാലന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കേരള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തുന്ന സഞ്ജു ടീമിനൊപ്പം ചേരുമെന്നും നയിക്കാനുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

ഇന്ത്യക്ക് ഇനി ജനുവരിയില്‍ മാത്രമാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കേണ്ടത്. അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് കളിക്കുക. സഞ്ജു ടീമിലുണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്. അതിന് മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങി ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ടിനെതിരെ കളിക്കുകയെന്നുള്ളതാണ് താരത്തിന്റെ ലക്ഷ്യം. എന്തായാലും സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ വരുന്ന രണ്ട് ദിവസത്തിനിടെ പ്രഖ്യാപിക്കും.

Latest Videos

undefined

സികസറിടിച്ച് പന്ത് മുഖത്തുകൊണ്ട് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു; ഗ്രൗണ്ടിനും പുറത്തും ഹീറോ

ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ സമയമാണിപ്പോള്‍. അഞ്ച് ടി20 മത്സരങ്ങള്‍ക്കിടെ സഞ്ജു അടിച്ചെടുത്തത് മൂന്ന് ടി20 സെഞ്ചുറികളാണ്. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ അവസാന ടി20 മത്സരത്തില്‍ കന്നി ടി20 സെഞ്ചുറി നേടിയ സഞ്ജു, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിലും സെഞ്ചുറി കണ്ടെത്തി. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന നാലാം ടി20യിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനും സഞ്ജുവായി.

ടി20 ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററും സഞ്ജു തന്നെ. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടാണ് ആദ്യതാരം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്ന് ടി20 സെഞ്ചുറികള്‍ നേടുന്ന ആദ്യം താരം കൂടിയാണ് സഞ്ജു. കൂടാതെ, ടി20യില്‍ ഇന്ത്യക്കായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി സഞ്ജു. രോഹിത് ശര്‍മ (5), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.

click me!