ടി20 ലോകകപ്പ്; അയര്‍ലന്‍ഡിനെ കുഞ്ഞന്‍ സ്കോറില്‍ എറിഞ്ഞൊതുക്കി ലങ്കന്‍ ബൗളര്‍മാര്‍

By Jomit Jose  |  First Published Oct 23, 2022, 11:07 AM IST

ഇന്നിംഗ്‌സിന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണറും ക്യാപ്റ്റനുമായ ആന്‍ഡ്രൂ ബാല്‍ബിര്‍നീയെ ലഹിരു കുമാര ബൗള്‍ഡാക്കിയതോടെയാണ് അയര്‍ലന്‍ഡിന്‍റെ വീഴ്‌ച തുടങ്ങിയത്


ഹൊബാര്‍ട്: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ ശ്രീലങ്കയ്‌ക്ക് 129 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനെ 20 ഓവറില്‍ 8 വിക്കറ്റിന് 128 റണ്‍സ് എന്ന സ്കോറില്‍ പിടിച്ചുകെട്ടുകയായിരുന്നു ലങ്കന്‍ ബൗളര്‍മാര്‍. 45 റണ്‍സെടുത്ത ഹാരി ടെക്‌ടറാണ് ടോപ് സ്കോറര്‍. മഹീഷ് തീക്ഷ്‌ണയും വനിന്ദു ഹസരങ്കയും രണ്ട് വീതം പേരെ പുറത്താക്കി. 

ഇന്നിംഗ്‌സിന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണറും ക്യാപ്റ്റനുമായ ആന്‍ഡ്രൂ ബാല്‍ബിര്‍നീയെ ലഹിരു കുമാര ബൗള്‍ഡാക്കിയതോടെയാണ് അയര്‍ലന്‍ഡിന്‍റെ വീഴ്‌ച തുടങ്ങിയത്. അഞ്ച് പന്ത് നീണ്ടുനിന്ന ആന്‍ഡ്രൂവിന്‍റെ ബാറ്റിംഗില്‍ ആകെ ഒരു റണ്‍ മാത്രമേയുള്ളൂ. മൂന്നാമനും വിക്കറ്റ് കീപ്പറുമായ ലോകന്‍ ടക്കറിനെ മഹീഷ് തീക്ഷ്‌ണ അഞ്ചാം ഓവറിലെ നാലാം പന്തില്‍ പുറത്താക്കി. 11 പന്തില്‍ 10 റണ്‍സേ താരം നേടിയുള്ളൂ. ഒരറ്റത്ത് പ്രതിരോധത്തിന് സൂപ്പര്‍താരം പോള്‍ സ്റ്റിര്‍ലിങ് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. 25 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്ത് നില്‍ക്കേ സ്റ്റിര്‍ലിങ്ങിനെ ധനഞ്ജയ ഡിസില്‍വ, ഭാനുകാ രജപക്സെയുട കൈകളിലെത്തിച്ചു. 

Latest Videos

undefined

സ്കോട്‌ലന്‍ഡിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്‌ചവെച്ച കര്‍ടിസ് കാംഫെറിനും ഇക്കുറി തിളങ്ങാനായില്ല. 4 പന്തില്‍ രണ്ട് റണ്‍സെടുത്ത് നില്‍ക്കേ ചാമിക കരുണരത്‌നെയാണ് താരത്തെ പുറത്താക്കിയത്. 10 ഓവറില്‍ നാല് വിക്കറ്റിന് 60 റണ്‍സാണ് അയര്‍ലന്‍‍ഡിനുണ്ടായിരുന്നത്. ഹാരി ടെക്‌റ്ററിനൊപ്പം കൂട്ടുകെട്ടിനുള്ള ജോര്‍ജ് ഡോക്‌റെല്ലിന്‍റെ ശ്രമം ടീമിനെ 100 കടത്തി. 16 പന്തില്‍ 14 റണ്‍സെടുത്ത ഡോക്‌റെല്ലിന്‍റെ ശ്രമം മഹീഷ് തീക്ഷ്‌ണ 17-ാം ഓവറിലെ അഞ്ചാം പന്തില്‍ അവസാനിപ്പിച്ചതോടെ കഥമാറി. 

17-ാം ഓവറിലെ അവസാന പന്തില്‍ ഹാരി ടെക്‌ടറിനെ(42 പന്തില്‍ 45) ബിനുര ഫെര്‍ണാണ്ടോയും തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഗാരെത് ഡിലേനിയെയും(6 പന്തില്‍ 9), നാലാം ബോളില്‍ മാര്‍ക്ക് അഡൈറിനേയും(1 പന്തില്‍ 0) വനിന്ദു ഹസരങ്കയും പുറത്താക്കിയതോടെ അയര്‍ലന്‍ഡിന്‍റെ സ്ലോഗ് ഓവര്‍ വെടിക്കെട്ടുകള്‍ ചീറ്റി. സിമി സിംഗ് എട്ട് പന്തില്‍ ഏഴും ബാരി മക്കാര്‍ട്ടി രണ്ട് പന്തില്‍ രണ്ടും റണ്‍സുമായി പുറത്താകാതെ നിന്നു.  

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പാക് ടീമിന് ഉപദേശവുമായി റമീസ് രാജ

click me!