ടി20 ലോകകപ്പ്: ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് പാക് ടീമിന് ഉപദേശവുമായി റമീസ് രാജ

By Jomit Jose  |  First Published Oct 23, 2022, 10:19 AM IST

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നുച്ചയ്ക്ക് ഇന്ത്യന്‍സമയം ഒരു മണിക്ക് ഇന്ത്യ-പാക് മത്സരത്തിന് ടോസ് വീഴും


മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍-12 പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഏഷ്യാ കപ്പിന് ശേഷം ഇരു ടീമുകളും മുഖാമുഖം വരുന്ന ആദ്യ മത്സരമാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദുബായില്‍ വച്ച് ടീം ഇന്ത്യയെ 10 വിക്കറ്റിന് കീഴടക്കിയതിന്‍റെ ആത്മവിശ്വാസം പാകിസ്ഥാനുണ്ട്. ഇക്കുറി നോക്കൗട്ടിലെത്തുകയല്ല ലോകകപ്പ് കിരീടം നേടുക തന്നെയായിരിക്കണം ലക്ഷ്യം എന്നാണ് പാക് നായകന്‍ ബാബര്‍ അസമിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജയുടെ നിര്‍ദേശം. 

ബാബറിന് ബാറ്റിംഗ് ഉപദേശവും 

Latest Videos

undefined

'ലോകകപ്പ് നേടുന്നത് സ്വപ്‌നം കാണുന്നതിനിടെ കുറിച്ച് മാത്രമാണ് ബാബറിനോട് സംസാരിച്ചത്. നാട്ടിലേക്ക് ട്രോഫി കൊണ്ടുവരുന്നതല്ലാതെ മറ്റൊരു ഓപ്‌ഷനും മനസിലുണ്ടാവരുത് എന്ന് അദ്ദേഹത്തോട് പറഞ്ഞു. ലോകകപ്പ് മൈന്‍ഡ് ഗെയിമാണ്. ധൈര്യം ചോരാതിരിക്കാനും സ്വപ്‌നം പൂര്‍ത്തികരിക്കാനുമുള്ള വെല്ലുവിളി. ഇതാണ് കിരീടം നേടാന്‍ അനിവാര്യം. എതിര്‍ ടീം ചിലപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിരിക്കാം. കാലാവസ്ഥ ചിലപ്പോള്‍ കളിച്ചേക്കാം. എന്നാല്‍ ആരാധകര്‍ ടീമിന് എല്ലാ പിന്തുണയും നല്‍കണം. കാരണം ലോകകപ്പിനുള്ള ഏറ്റവും മികച്ച ടീമാണിത്. പാകിസ്ഥാനില്‍ ഷോട്ട് കളിക്കാനുള്ള സാവകാശം ബാറ്റര്‍മാർക്ക് ലഭിക്കും. എന്നാല്‍ ഓസ്ട്രേലിയയില്‍ അങ്ങനെയല്ല' എന്നും ബാബറിനോട് സംസാരിച്ചതിനെ പറ്റി റമീസ് രാജ ജിയോ ടിവിയോട് പറഞ്ഞു. 

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നുച്ചയ്ക്ക് ഇന്ത്യന്‍സമയം ഒരു മണിക്ക് ഇന്ത്യ-പാക് മത്സരത്തിന് ടോസ് വീഴും. 1.30ന് മത്സരം ആരംഭിക്കും. ഇന്ത്യയെ രോഹിത് ശര്‍മ്മയും പാകിസ്ഥാനെ ബാബര്‍ അസമുവാണ് നയിക്കുന്നത്. ഈ ലോകകപ്പില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമാണിത്. മഴയുടെ വലിയ ആശങ്ക കഴിഞ്ഞ ദിവസം മുതല്‍ ഉടലെടുത്തിരുന്നെങ്കിലും ഇന്ന് രാവിലെ മെല്‍ബണില്‍ മഴയില്ലാത്തത് ആശ്വാസമാണ്. എങ്കിലും മഴമേഘങ്ങള്‍ മൂടിയ ആകാശം തുടരും എന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. 20 ഓവര്‍ വീതമുള്ള മത്സരം നടക്കുമോ എന്ന് ഉറപ്പായിട്ടില്ല. 

ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം: മെല്‍ബണില്‍ നിറഞ്ഞ് മഴമേഘങ്ങള്‍, പക്ഷേ ആശ്വാസവാര്‍ത്തയുണ്ട്

click me!