'കോലിയെ പുകഴ്‌ത്തുന്നത് നിര്‍ത്തൂ, സൂര്യകുമാര്‍ യാദവാണ് സൂപ്പര്‍താരം'; താരാരാധനയെ വീണ്ടും വിമര്‍ശിച്ച് ഗംഭീര്‍

By Jomit Jose  |  First Published Oct 22, 2022, 12:46 PM IST

സൂര്യകുമാര്‍ യാദവിനെ അവഗണിച്ച് കോലിയെ തന്നെ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമായി അവതരിപ്പിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഗംഭീര്‍


മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ താരാരാധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുള്ളയാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരും റണ്‍മെഷീന്‍ വിരാട് കോലിയെ ചുറ്റിപ്പറ്റി കറങ്ങുന്നതായിരുന്നു ഗംഭീറിന്‍റെ പ്രധാന വിമര്‍ശനത്തിന് കാതല്‍. 2022ല്‍ രാജ്യാന്തര ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായിട്ടും സൂര്യകുമാര്‍ യാദവിനെ അവഗണിച്ച് കോലിയെ തന്നെ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമായി അവതരിപ്പിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വീണ്ടും വിമര്‍ശിച്ചിരിക്കുകയാണ് ഗംഭീര്‍. 

'ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കൂ. ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് സംസാരിക്കേണ്ടത്. ഹീറോകളെ ആരാധിക്കുന്നത് നിര്‍ത്തണം. മാധ്യമങ്ങളാണ് ഈ താരങ്ങളെ ബ്രാന്‍ഡുകളാക്കി മാറ്റുന്നത്. മറ്റ് ആറ് ബാറ്റര്‍മാരേക്കാളും മികച്ച പ്രകടനമാണ് കഴിഞ്ഞ ഒരു വര്‍ഷം സൂര്യകുമാര്‍ യാദവ് കാഴ്‌ചവെച്ചത്. എന്നാല്‍ നിങ്ങള്‍ അദ്ദേഹത്തെ കുറിച്ച് എന്നോട് ഒരു ചോദ്യം പോലും ആരായില്ല. മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രയധികം ഫോളോവേഴ്‌സ് സ്‌കൈക്ക് സോഷ്യല്‍ മീഡിയയില്ല എന്നതാണ് ഇതിന് കാരണം. ആദ്യം എല്ലാവരുടേയും മനസിലേക്ക് വരുന്ന പേര് വിരാട് കോലി എന്നാണ്, സൂര്യകുമാറല്ല. രോഹിത് ശര്‍മ്മയായിരിക്കാം അടുത്ത പേര്. അതിന് ശേഷം കെ എല്‍ രാഹുല്‍. പ്രകടനം വച്ച് തുലനം ചെയ്‌താല്‍ സൂര്യകുമാറും ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ടീമിലെ മികച്ച താരങ്ങള്‍. 

Latest Videos

undefined

ഇന്ത്യന്‍ ടീം ലോകകപ്പിനായി യാത്ര തിരിച്ചാല്‍ പിന്നെ ഈ ഹീറോകളെ ചൊല്ലിയുള്ള ആരാധന നിര്‍ത്തണം. ടീമിനെ കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. 2011നും 2022നും ഇടയില്‍ ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടാത്തതിന് കാരണമിതാണ്' എന്നും ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായുള്ള ചാനല്‍ ചര്‍ച്ചയില്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റിലെ താരാരാധന അവസാനിപ്പിക്കണമെന്ന് ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസവും ആവശ്യപ്പെട്ടിരുന്നു. അന്നും വിരാട് കോലിയായിരുന്നു ഗംഭീറിന്‍റെ കണ്ണിലെ കരട്. കപിൽ ദേവിനെയും മഹേന്ദ്ര സിംഗ് ധോണിയെയും ആഘോഷിച്ച പോലെയാണ് ഇപ്പോൾ ആരാധകർ കോലിയെ കൊണ്ടാടുന്നത്, അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറിയടിച്ചപ്പോൾ വിരാട് കോലി മാത്രമായിരുന്നു ചിത്രത്തിൽ. ഇതേ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറിനെ എല്ലാവരും അവഗണിച്ചു. കമന്‍റ‌റിക്കിടെ ഞാൻ മാത്രമാണ് ഭുവിയെ പരാമർശിച്ചത്. താരാരാധനയില്‍ നിന്ന് രാജ്യം പുറത്തുകടക്കണം എന്നുമായിരുന്നു ഗംഭീറിന്‍റെ വാക്കുകള്‍. 

ആദ്യം കപില്‍, പിന്നെ ധോണി, ഇപ്പോള്‍ കോലി; താരാരാധന അവസാനിപ്പിക്കണമെന്ന് ഗംഭീര്‍

click me!