ഗാബയില്‍ കനത്ത മഴ; അഫ്‌ഗാന്‍-പാക് കളി ഉപേക്ഷിച്ചു; ഇന്ത്യയുടെ വാംഅപ് മത്സരത്തിനും ഭീഷണി

By Jomit Jose  |  First Published Oct 19, 2022, 12:19 PM IST

1.30ന് നടക്കേണ്ട ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹമത്സരത്തിന് മുമ്പ് കാലാവസ്ഥ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്


ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ വാംഅപ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഗാബയില്‍ അഫ്‌ഗാനിസ്ഥാന്‍റെ 154 റണ്‍സിനെതിരെ പാകിസ്ഥാന്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 19 റണ്‍സെടുത്ത് നില്‍ക്കേയാണ് മഴയെത്തിയത്. പിന്നീട് കളി പുനരാരംഭിക്കാനായില്ല. ഇതേ വേദിയില്‍ 1.30ന് നടക്കേണ്ട ഇന്ത്യ-ന്യൂസിലന്‍ഡ് സന്നാഹമത്സരത്തിന് മുമ്പ് കാലാവസ്ഥ മെച്ചപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. 

155 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ പാകിസ്ഥാന്‍ 2.2 ഓവറില്‍ 19-0 എന്ന സുരക്ഷിത നിലയില്‍ എത്തിയപ്പോഴാണ് മഴ കളി തുടങ്ങിയത്. നായകന്‍ ബാബര്‍ അസം ആറ് പന്തില്‍ 6ഉം മുഹമ്മദ് റിസ്‌വാന്‍ 8 പന്തില്‍ അക്കൗണ്ട് തുറക്കാതെയുമായിരുന്നു ഈസമയം ക്രീസില്‍ നിന്നിരുന്നത്. അസ്‌മത്തുള്ള ഒമര്‍സായി ഒന്നും ഫസല്‍ഹഖ് ഫരൂഖി 1.2 ഓവറുമാണ് എറിഞ്ഞത്. 

Latest Videos

undefined

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ പാക് പേസാക്രമണത്തിനിടെ 20 ഓവറില്‍ ആറ് വിക്കറ്റിന് 154 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍മാരെ മൂന്ന് ഓവറിനിടെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രീദി കനത്ത പ്രഹരമാണ് അഫ്‌ഗാന് തുടക്കത്തില്‍ നല്‍കിയത്. ഷഹീന് മുന്നില്‍ പതറിയ ഹസ്രത്തുള്ള സസായ് 11 പന്തില്‍ 9 റണ്‍സുമായും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് ഗോള്‍ഡന്‍ ഡക്കായും മടങ്ങി. 34 പന്തില്‍ 35 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനും 37 പന്തില്‍ പുറത്താകാതെ 51 റണ്‍സെടുത്ത നായകന്‍ മുഹമ്മദ് നബിയും 20 പന്തില്‍ 32 റണ്‍സെടുത്ത ഉസ്‌മാന്‍ ഗാനിയുമാണ് അഫ്‌ഗാനെ രക്ഷിച്ചത്. 

ഡാര്‍വിഷ് റസൂല്‍ 7 പന്തില്‍ മൂന്നും നജീബുള്ള സദ്രാന്‍ 8 പന്തില്‍ ആറും അസ്‌മത്തുള്ള ഒമര്‍സായി 2 പന്തില്‍ പൂജ്യത്തിലും പുറത്തായി. ഷഹീന്‍ ഷാ അഫ്രീദി 4 ഓവറില്‍ 29നും ഹാരിസ് റൗഫ് 34നും രണ്ട് വീതം വിക്കറ്റ് നേടി. ഷദാബ് ഖാനും മുഹമ്മദ് നവാസും ഓരോ വിക്കറ്റ് സ്വന്തമാക്കി. കളി ഉപേക്ഷിച്ചതോടെ ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റേയും വാംഅപ് മത്സരങ്ങള്‍ അവസാനിച്ചു. അഫ്‌ഗാന്‍ ശനിയാഴ്‌ച ഇംഗ്ലണ്ടിനെയും പാകിസ്ഥാന്‍ ഞായറാഴ്‌ച ഇന്ത്യയേയും സൂപ്പര്‍-12ല്‍ നേരിടും. 

ന്യൂസിലന്‍ഡിനെയും വീഴ്‌ത്തി വാംഅപ് പൂര്‍ത്തിയാക്കാന്‍ ഇന്ത്യ, ഷമി ശ്രദ്ധാകേന്ദ്രം; മത്സരം ഉച്ചയ്‌ക്ക്

click me!