ബുമ്രയാണ് നയിക്കുന്നതെങ്കില്‍ അദ്ദേഹം തുടരണം, രോഹിത് ക്യാപ്റ്റനാവരുത്; കാരണം വ്യക്തമാക്കി ഗവാസ്‌കര്‍

By Web TeamFirst Published Nov 5, 2024, 8:30 AM IST
Highlights

ആദ്യ രണ്ട് ടെസ്റ്റില്‍ ബുമ്രയാണ് നയിക്കുന്നതെങ്കില്‍ മുഴുവന്‍ മത്സരത്തിലും അദ്ദേഹം ക്യാപ്റ്റനാവണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

മുംബൈ: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം രോഹിത് തന്നെ പറഞ്ഞിരുന്നു. ആദ്യ മത്സരം കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് രോഹിത് ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് ശേഷം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം വിട്ടുനില്‍ക്കുന്നത്. വൈസ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കും. 

ഇപ്പോള്‍ ഇക്കാര്യത്തോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും നിലവില്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ആദ്യ രണ്ട് ടെസ്റ്റില്‍ ബുമ്രയാണ് നയിക്കുന്നതെങ്കില്‍ മുഴുവന്‍ മത്സരത്തിലും അദ്ദേഹം ക്യാപ്റ്റനാവണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ആദ്യ ടെസ്റ്റ് മത്സരം കളിക്കുക എന്നത് ക്യാപ്റ്റനെ സംബന്ധിച്ച് പ്രധാനമാണ്. രോഹിത്തിന് പരിക്കേല്‍ക്കുന്നത് പോലെയല്ല കാര്യങ്ങള്‍. അല്ലാത്ത കാരണങ്ങള്‍ കൊണ്ട് അദ്ദേഹം ലഭ്യമല്ലെങ്കില്‍, വൈസ് ക്യാപ്റ്റന്‍ കടുത്ത സമ്മര്‍ദ്ദത്തിലാകും. രോഹിത് എപ്പോള്‍ തിരിച്ചെത്തിയാലും ഒരു കളിക്കാരനായി മാത്രമേ ടീമിനൊപ്പം ചേരാവൂ.'' ഗവാസ്‌കര്‍ പറഞ്ഞു. 

Latest Videos

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ചും ഗവാസ്‌കര്‍ സംസാരിച്ചു. ''ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ 4-0ന് തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെക്കുറിച്ച് പറയരുത്. ഇനി ഓസ്ട്രേലിയയില്‍ പരമ്പര നേടാനുള്ള ശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 1-0, 2-0, 3-0, 3-1, 2-1 എന്ന സ്‌കോറിന് വിജയിച്ചാലും കാര്യമാക്കേണ്ടതില്ല. കളിക്കുക, ജയിക്കുക.'' ഗവാസ്‌കര്‍ പറഞ്ഞു.

ഗംഭീറിനെ പറ്റില്ല, ഇന്ത്യന്‍ ടീം ഇപ്പോള്‍ ദ്രാവിഡിനെ മിസ് ചെയ്യുന്നുണ്ട്! കാരണം വ്യക്തമാക്കി മുന്‍ പാക് താരം

ടെസ്റ്റ് പരമ്പരക്കിടയില്‍ ഓസ്‌ട്രേലിയ എ ടീമുമായോ ക്യൂന്‍സ്ലാന്‍ഡ് ടീമുമായോ എങ്കിലും സന്നാഹമത്സരം കളിക്കേണ്ടതുണ്ടെന്നും ഇതുവഴി ഓസ്‌ട്രേലിയന്‍ പിച്ചുകളുടെ ബൗണ്‍സും പേസും മനസിലാക്കാനും അതുമായി പൊരുത്തപ്പെടാനും യുവതാരങ്ങള്‍ക്ക് അവസരം കിട്ടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

22ന് ആണ് ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് പെര്‍ത്തില്‍ തുടങ്ങുക. 10, 11 തീയതികളിലാണ് ഇന്ത്യന്‍ ടീം രണ്ട് സംഘങ്ങളായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കുക. നിലവില്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യ എ ടീമിന്റെ ഭാഗമായുള്ള ടെസ്റ്റ് ടീം അംഗങ്ങള്‍ ഓസ്‌ട്രേലിയയില്‍ തുടരും.

click me!