ലങ്കാദഹനത്തോളം എത്തിയ നബി- അസ്മത്തുള്ള ബാറ്റിംഗ് ഷോ; ധോണിയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തൂക്കി അഫ്ഗാന്‍

By Web TeamFirst Published Feb 10, 2024, 8:00 AM IST
Highlights

ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ 55 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ തോല്‍വി ഉറപ്പിച്ചതാണ്

പല്ലെകെലെ: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് എല്ലാക്കാലവും ഈ ഇന്നിംഗ്സ് ഓർത്തിരിക്കും. അഫ്ഗാന്‍ പല്ലെകെലെ സ്റ്റേഡിയത്തില്‍ 2024 ഫെബ്രുവരി 9ന് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പോരാട്ടം ശ്രീലങ്കയ്ക്ക് എതിരെ ആദ്യ ഏകദിനത്തില്‍ കാഴ്ചവെക്കുകയായിരുന്നു. 55-5 എന്ന നിലയില്‍ നിന്ന് 297-6 ആറിലേക്ക് കൈപിടിച്ചുയർത്തിയ മുഹമ്മദ് നബി- അസ്മത്തുള്ള ഒമർസായ് ആറാം വിക്കറ്റ് കൂട്ടുകെട്ട് റെക്കോർഡ് സൃഷ്ടിച്ചു. ഇതോടെ സാക്ഷാല്‍ എം എസ് ധോണി പങ്കാളിയായ 17 വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയായി. 

ശ്രീലങ്കയ്ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ 55 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍ അവിടുന്നങ്ങോട്ട് ആറാം വിക്കറ്റില്‍ 242 റണ്‍സിന്‍റെ ഐതിഹാസിക കൂട്ടുകെട്ടുമായി മുഹമ്മദ് നബിയും അസ്മത്തുള്ള ഒമർസായും അഫ്ഗാനെ രക്ഷിച്ചു. 39 വയസുകാരനായ നബിയും 23കാരനായ  അസ്മത്തുള്ളയും സെഞ്ചുറികള്‍ നേടി. അഫ്ഗാന്‍ ഇന്നിംഗ്സിലെ 9-ാം ഓവറില്‍ ക്രീസില്‍ ഒന്നിച്ച നബിയുടെയും അസ്മത്തുള്ളയുടേയും പോരാട്ടം 46-ാം ഓവർ വരെ നീണ്ടുനിന്നു. 242 റണ്‍സുമായി ഏകദിന ക്രിക്കറ്റില്‍ ആറാം വിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടിന്‍റെ റെക്കോർഡ് ഇതോടെ ഇരുവരും പേരിലാക്കി. ഏഷ്യാ ഇലവനായി ചെന്നൈയില്‍ 2007ല്‍ 218 റണ്‍സ് ചേർത്ത എം എസ് ധോണി- മഹേള ജയവർധനെ സഖ്യത്തിന്‍റെ റെക്കോർഡാണ് നബി- അസ്മത്തുള്ള ജോഡി മറികടന്നത്. എന്നാല്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ആറാം വിക്കറ്റ് കൂട്ടുകെട്ടായ ന്യൂസിലന്‍ഡിന്‍റെ ഗ്രാന്‍ഡ് എലിയറ്റ്- ലൂക്ക് റോഞ്ചി സഖ്യം ശ്രീലങ്കയ്ക്ക് എതിരെ 2015ല്‍ കുറിച്ച 267* റണ്‍സ് പാർട്ണർഷിപ്പ് അഫ്ഗാന്‍ ജോഡിക്ക് തകർക്കാനായില്ല. 

𝐑𝐞𝐜𝐨𝐫𝐝-𝐁𝐫𝐞𝐚𝐤𝐢𝐧𝐠 𝐏𝐚𝐫𝐭𝐧𝐞𝐫𝐬𝐡𝐢𝐩! 👏🤩 🤝 | pic.twitter.com/VabNiq5uYq

— Afghanistan Cricket Board (@ACBofficials)

Latest Videos

ജയത്തോളം പോന്ന പോരാട്ടവുമായി അഫ്ഗാന്‍ ലങ്കയ്ക്കെതിരായ മത്സരത്തില്‍ ഒടുവില്‍ തോല്‍വി സമ്മതിച്ചു. ശ്രീലങ്ക മുന്നോട്ടുവെച്ച 382 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 339 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്സ് അവസാനിപ്പിച്ചതോടെയാണ് ആതിഥേയര്‍ 42 റണ്‍സിന്‍റെ ജയമുറപ്പിച്ചത്. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തിന്‍റെ മനംകവര്‍ന്നു. സ്കോര്‍: ശ്രീലങ്ക- 381/3 (50), അഫ്ഗാനിസ്ഥാന്‍- 339/6 (50). മുഹമ്മദ് നബി 130 പന്തില്‍ 136 റണ്‍സ് നേടിയപ്പോള്‍ അസ്മത്തുള്ള ഒമർസായ് 115 ബോളില്‍ 149* റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്തെ ഇരട്ട സെഞ്ചുറി (139 പന്തില്‍ 210* റണ്‍സ്) നേടിയ ഓപ്പണർ പാതും നിസങ്കയാണ് ലങ്കയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ഏകദിനത്തില്‍ ഒരു ലങ്കന്‍ താരത്തിന്‍റെ ഉയർന്ന വ്യക്തിഗത സ്കോറാണിത്. 

Read more: നിസങ്കയുടെ ഇരട്ട സെഞ്ചുറിക്ക് നബി, ഒമര്‍സായ് ശതകങ്ങള്‍ മറുപടി; പൊരുതിത്തോറ്റ് അഫ്ഗാന്‍, ലങ്കയ്ക്ക് ജയം

 

click me!