'ഞാനും സൂര്യയും തമ്മിൽ വർഷങ്ങളായുള്ള ബന്ധം, ഞങ്ങൾ ഒരു കമ്പനിയിലെ ജീവനക്കാർ'; ഇന്ത്യൻ നായകനെക്കുറിച്ച് സഞ്ജു

By Web TeamFirst Published Oct 15, 2024, 3:21 PM IST
Highlights

ക്യാപ്റ്റന്‍ സൂര്യകുമാർ യാദവുമാമായുള്ള ബന്ധത്തെക്കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍.

കൊച്ചി: ഇന്ത്യൻ ടി20  ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ജൂനിയര്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിക്കുന്നതു മുതലുള്ള ബന്ധമാണ് സൂര്യകുമാര്‍ യാദവുമായുള്ളത്. അതിലുപരി ഞങ്ങള്‍ രണ്ടുപേരും ഒരേ കമ്പനിക്കാണ് ജോലി ചെയ്യുന്നത്. ബിപിസിഎല്ലിനുവേണ്ടി. അവര്‍ക്കുവേണ്ടി കുറെ മത്സരങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പിന്നെ ഇന്ത്യ എക്കായും ഒരുമിച്ച് കളിച്ചു. സൂര്യ എങ്ങനെയാണ് ഇന്നത്തെ സൂര്യകുമാര്‍ യാദവായതെന്ന് ഞാന്‍ കൂടെ നിന്ന് കണ്ടിട്ടുണ്ട്.

അങ്ങനെയൊരു ബന്ധം ഞങ്ങള്‍ക്കിടയില്‍ നേരത്തെയുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ സൂര്യയുടെ വലിയ ഗുണമായി കാണുന്നത് ആശയവിനിമയത്തിനുള്ള കഴിവാണ്. ഉള്ള കാര്യം ഉള്ളതുപോലെ മുഖത്തു നോക്കി പറയുക എന്നതാണ് സൂര്യയുടെ ശൈലി. ഒരു കളിക്കാരന്‍ ടീമിലുണ്ടോ, ഇല്ലെ, എന്തുകൊണ്ട് ഇല്ല, ഇനി എന്ത് ചെയ്താല്‍ ഉണ്ടാകും, എന്ത് ചെയ്താല്‍ ഉണ്ടാകില്ല, അങ്ങനെയൊരു വ്യക്തത എനിക്ക് മാത്രമല്ല, ടീമിലെ എല്ലാ കളിക്കാര്‍ക്കും അദ്ദേഹം കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡ്രസ്സിംഗ് റൂമിലുള്ള എല്ലാ കളിക്കാരും ഹാപ്പിയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Asianet News (@asianetnews)

അതുപോലെ എല്ലാ കളിക്കാരെയും എല്ലാ സമയങ്ങളിലും പിന്തുണക്കുകയും ചെയ്യും. ഒരു ക്യാപ്റ്റന്‍ ചെയ്യേണ്ട കാര്യങ്ങള്‍ സൂര്യ നന്നായി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ആ ഒരു വിശ്വാസം കളിക്കാര്‍ക്ക് സൂര്യയോടുമുണ്ടാകും. അതിന്‍റെ പ്രതിഫലനം കളിക്കാരിലും ടീമിന്‍റെ പ്രകടനത്തിലുമുണ്ടാകുന്നുണ്ടെന്നും സഞ്ജു പറഞ്ഞു. സെഞ്ചുറിക്ക് അരികെ നില്‍ക്കുമ്പോള്‍ ബീറ്റണായപ്പോള്‍ സൂര്യ എന്‍റെ അടുത്തുവന്ന് ചോദിച്ചു, നീ എന്താണ് ചിന്തിക്കുന്നതെന്ന്. ഞാന്‍ അടിക്കാന്‍ തന്നെയാണ് നോക്കുന്നതെന്ന് പറഞ്ഞു. അടിച്ചോ, പക്ഷെ നീ ഒരു സെഞ്ചുറി അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ട് അത് ഉറപ്പാക്കണം എന്ന് പറഞ്ഞു. കാരണം ഇന്ത്യൻ ക്രിക്കറ്റില്‍ സെഞ്ചുറി എന്നത് വലിയ കാര്യമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

ഒരു ക്യാപ്റ്റന്‍ വന്നു പറയുമ്പോ കുറച്ചു കൂടി നോര്‍മലായി കളിക്കാന്‍ പറ്റി. ഒന്നോ രണ്ടോ പന്തുകള്‍ അധികമെടുത്താലും കുഴപ്പമില്ല. കാരണം 30 ബോളില്‍ 90 ഒക്കെ എത്തി നില്‍ക്കുകയല്ലെ എന്ന് ഞാനും കരുതി. ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ചശേഷം കൂടുതല്‍ സന്തോഷം തോന്നിയത് മറുവശത്തുനിന്ന് സൂര്യകുമാര്‍ തന്നെ ഹെല്‍മെറ്റ് ഊരി ആഘോഷിക്കാനായി ഓടി വന്നപ്പോഴാണ്. സെഞ്ചുറി അടിച്ചശേഷം എന്തു ചെയ്യണം എന്നാലോചിച്ചു ഞാന്‍ നില്‍ക്കുമ്പോഴാണ് ഹെല്‍മെറ്റൊക്കെ ഊരി സെഞ്ചുറി ആഘോഷിക്കാനായി സൂര്യ അടുത്തെത്തിയിരിക്കുന്നത്. ഒരു ക്യാപ്റ്റന്‍റെ ഭാഗത്തുനിന്ന് അത്രവലിയ പിന്തുണ കിട്ടുന്നത് ഒരു കളിക്കാരന്‍റെ ഭാഗ്യമാണെന്നും സഞ്ജു കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!