ഇങ്ങനെയൊന്നും ചെയ്യല്ലേ സഞ്ജൂ! ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ കയറാന്‍ ഇതൊന്നും പോര; രഞ്ജിയില്‍ താരത്തിന് നിരാശ

By Web TeamFirst Published Feb 3, 2024, 11:03 AM IST
Highlights

സച്ചിന്‍ ബേബിയാണ് (91) കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍, സഞ്ജു എന്നിവരെ കൂടാതെ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (0), ജലജ് സക്സേന (0), രോഹന്‍ പ്രേം (54) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ സഞ്ജു മടങ്ങി. ആദ്യദിനം 57 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. സഞ്ജു മടങ്ങിയതിന് പിന്നാലെ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 310 എന്ന നിലയിലായി. ശ്രേയസ് ഗോപാല്‍ (1), മുഹമ്മദ് അസറുദ്ദീന്‍ (56) എന്നിവരാണ് ക്രീസില്‍. റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട കേരളം ബാറ്റിംഗിനെത്തുകയായിരുന്നു.

സച്ചിന്‍ ബേബിയാണ് (91) കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍, സഞ്ജു എന്നിവരെ കൂടാതെ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (0), ജലജ് സക്സേന (0), രോഹന്‍ പ്രേം (54), വിഷ്ണു വിനോദ് (40) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. അഷിഷ് ചൗഹാന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഇന്ന് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു സഞ്ജു. ചൗഹാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഏക്‌നാഥ് കെര്‍ക്കറിന് ക്യാച്ച്. 11 ബൗണ്ടറികളാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. വിഷ്ണുവിനെ ചൗഹാന്‍ ബൌള്‍ഡാക്കി.

Latest Videos

തകര്‍ച്ചയോടെയായിരുന്നു കേരളത്തിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ കേരളത്തിന് നഷ്ടമായി. സക്സേനയെ ഓപ്പണറായി പരീക്ഷിച്ചെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. ഇരുവരും റണ്‍സൊന്നുമെടുക്കാതെ പുറത്ത്. പിന്നീട് പരിചയ സമ്പന്നരായ സച്ചിന്‍ - രോഹന്‍ സഖ്യം 135 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയായ ഉടനെ രോഹന്‍ റണ്ണൗട്ടായി. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നീട് ക്രീസിലെത്തിയ സഞ്ജു ആക്രമിച്ച് കളിച്ചു. ഇതിനിടെ സെഞ്ചുറിക്ക് ഒമ്പത് റണ്‍ അകലെ സച്ചിന്‍ ബേബി വീണു. 

നേരത്തെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ക്യാപ്റ്റന്‍ സഞ്ജുവിന്റെ തിരിച്ചുവരവാണ് പ്രധാന സവിശേഷത. സഞ്ജു തിരിച്ചെത്തിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ പുറത്തായി. വിഷ്ണു രാജിന് പകരം മുഹമ്മദ് അസറുദ്ദീന്‍ വിക്കറ്റ് കീപ്പറാവും. ആനന്ദ് കൃഷ്ണനും സ്ഥാനം നഷ്ടമായി. സീനിയര്‍ താരം രോഹന്‍ പ്രേം തിരിച്ചെത്തി. ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്താണ്. അസം മാത്രമാണ് കേരളത്തിന് പിന്നില്‍. നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയാണ് കേരളത്തിന്. ഒരു തോല്‍വിയും. നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. ഇതുള്‍പ്പെടെ മൂന്ന് മത്സരങ്ങാണ് ഇനി കേരളത്തിന് അവശേഷിക്കുന്നത്. 

കേരളം: രോഹന്‍ കുന്നുമ്മല്‍, ജലജ് സക്സേന, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ശ്രേയസ് ഗോപാല്‍, നിതീഷ് എം ഡി, ബേസില്‍ തമ്പി, അഖിന്‍ സത്താര്‍.

അല്‍ നസ്‌റിനെതിരെ മെസി ഇറങ്ങിയപ്പോള്‍ പ്രത്യേക രീതിയിലൊരു ആക്ഷന്‍! ബഹുമാനിക്കാന്‍ അറിയില്ലേയെന്ന് ആരാധകര്‍

click me!