'ഇത്ര തരംതാഴാമോ, ഞെട്ടിക്കുന്ന പെരുമാറ്റം'; ഗംഭീറിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ പരസ്യമായി രംഗത്ത്

By Web TeamFirst Published Dec 7, 2023, 9:41 PM IST
Highlights

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തിനിടെയായിരുന്നു ഗൗതം ഗംഭീറും എസ് ശ്രീശാന്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത് 

സൂറത്ത്: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ എസ് ശ്രീശാന്തിനെ ഗൗതം ഗംഭീര്‍ അസഭ്യം പറഞ്ഞ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ശ്രീശാന്തിന്‍റെ ഭാര്യ രംഗത്ത്. 'ഒരുമിച്ച് ഏറെക്കാലം ടീം ഇന്ത്യക്കായി കളിച്ച ഗൗതം ഗംഭീര്‍ ഇത്ര തരംതാണതായി ശ്രീശാന്ത് പറഞ്ഞറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അതും സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഇത്രയേറെ വര്‍ഷങ്ങള്‍ക്ക് ശേഷം. ഗംഭീറിന്‍റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം ശരിക്കും ഞെട്ടിച്ചു' എന്നും ഭുവനേശ്വരി ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ ശ്രീ പോസ്റ്റ് ചെയ്‌ത വീഡിയോയ്‌ക്ക് താഴെ കമന്‍റ് ചെയ്തു. 

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്‍റ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഗൗതം ഗംഭീറും എസ് ശ്രീശാന്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ കൂടിയായ ഗംഭീര്‍ തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ വീഡിയോയ്‌ക്ക് താഴെയാണ് ശ്രീശാന്തിന്‍റെ ഭാര്യ ഗംഭീറിനെതിരെ പരസ്യമായി രംഗത്തുവന്നത്. 

Latest Videos

ഇന്‍സ്റ്റഗ്രാമിലെ പ്രതികരണം- സ്ക്രീന്‍ഷോട്ട്

'ഗൗതം ഗംഭീറിനെതിരെ ഒരു മോശം വാക്കും താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ എന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ച് ഗംഭീര്‍ തുടര്‍ച്ചയായി അപമാനിക്കുകയായിരുന്നു. എന്നെ തുടര്‍ച്ചയായി ഫിക്സര്‍...ഫിക്സര്‍ എന്നു വളിച്ചപ്പോഴും നിങ്ങളെന്താണ് പറയുന്നതെന്ന് പറഞ്ഞ് ചിരിച്ചൊഴിയാനാണ് ഞാന്‍ ശ്രമിച്ചത്. ഫീല്‍ഡ് അംപയര്‍മാര്‍ ഇടപെട്ടിട്ടുപോലും ഗംഭീര്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ തുടര്‍ന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ഗ്രൗണ്ടില്‍ നടന്നത്. ഇതിനെ എനിക്ക് വേണമെങ്കില്‍ വലിയ വിവാദമായി എടുക്കാം. പക്ഷേ ഞാനിതിവിടെ വിടുകയാണ്. ഗംഭീറിന്‍റെ ആളുകള്‍ അദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന് അറിയാം' എന്നുമായിരുന്നു വീഡിയോയിലൂടെ ശ്രീശാന്തിന്‍റെ പ്രതികരണം. 

2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ എസ് ശ്രീശാന്ത് അടക്കം മൂന്ന് താരങ്ങളെ ബിസിസിഐ ആജീവനാന്തം വിലക്കിയിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായി. എന്നാല്‍ 2017ല്‍ കേരള ഹൈക്കോടതി ശ്രീശാന്തിന്‍റെ വിലക്ക് ശരിവെച്ചു. പക്ഷേ 2019ല്‍ സുപ്രീം കോടതി ശ്രീശാന്തിന്‍റെ വിലക്ക് റദ്ദാക്കി. ഇതിനെല്ലാമൊടുവില്‍ 2020ല്‍ ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിവരികയായിരുന്നു. 

Read more: ശ്രീശാന്തുമായുള്ള പോര്‍വിളി മൈതാനത്തിന് പുറത്തേക്ക്, നിഗൂഢ ട്വീറ്റുമായി ഗൗതം ഗംഭീര്‍; വഴിത്തിരിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!