ഇന്നലെ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം പ്രതീക്ഷിച്ചതുപോലെ ലാസ്റ്റ് ഓവര്‍ ത്രില്ലറായപ്പോള്‍ ഇന്ത്യൻ ജയത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ തീപാറും ബൗളിംഗായിരുന്നു. എന്നാല്‍ ബുമ്രയുടെ ബൗളിംഗ് പോലെ തന്നെ പ്രധാനമായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളും.
പിതാനാല് ഓവറില്‍ പാകിസ്ഥാന്‍ 80-3ല്‍ നില്‍ക്കുമ്പോള്‍ ജസ്പ്രീത് ബുമ്രയെ രണ്ടാം സ്പെല്ലിന് വിളിച്ച രോഹിത്തിന്‍റെ തന്ത്രമാണ് പാകിസ്ഥാന്‍റെ തോല്‍വിയില്‍ നിര്‍ണായകമായത്. പതിനഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ഭീഷണിയായി ക്രീസിൽ നിലയുറപ്പിച്ചിരുന്ന റിസ്‌വാനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര പാകിസ്ഥാനെ ബാക്ക് ഫൂട്ടിലാക്കി. ന്യൂബോള്‍ നല്‍കാതെ ബുമ്രയെ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ പന്തെറിയാന്‍ വിളിച്ച രോഹിത്തിന്‍റെ തന്ത്രവും ഫലം കണ്ടു. നന്നായി തുടങ്ങിയ പാക് നായകന്‍ ബാബര്‍ അസമിനെ സ്ലിപ്പില്‍ സൂര്യകുമാര്‍ യാദവ് പറന്നു പിടിച്ചപ്പോള്‍ പാകിസ്ഥാന്‍ ഞെട്ടി.
ഇന്നലെ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബുമ്ര എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ ഇഫ്തീഖര്‍ അഹമ്മദ് പുറത്തായതോടെ 22 പന്തില്‍ 15 റണ്‍സുമായി ക്രീസില്‍ നിന്നിരുന്ന ഇമാദ് വാസിമിലായിരുന്നു പാകിസ്ഥാന്‍റെ അവസാന പ്രതീക്ഷ. ഇടം കൈയന്‍ ബൗളറായ അര്‍ഷ്ദീപിനെതിരെ ഇടം കൈയന്‍ ബാറ്ററായ ഇമാദിന് മുന്‍തൂക്കമുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍ ആദ്യ പന്ത് തന്നെ ലെഗ് സ്റ്റംപില്‍ യോര്‍ക്കര്‍ ലെങ്തിലെറിഞ്ഞ അര്‍ഷ്ദീപ് ഇമാദ് വാസിമിന് ആഞ്ഞടിക്കാന്‍ അവസരം നല്‍കിയില്ല. ഇമാദ് വാസിമിന് കണക്ട് ചെയ്യാന്‍ കഴിയാതിരുന്ന പന്ത് വിക്കറ്റിന് പിന്നില്‍ നിന്ന റിഷഭ് പന്ത് പറന്നു പിടിച്ചു. ഇമാദും ഷഹീന്‍ അഫ്രീദിയും സിംഗിള്‍ ഓടാന്‍ ശ്രമിക്കുന്നതിനിടെ അമ്പയര്‍ ഇമാദിനെ ഔട്ട് വിളിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ റിഷഭ് പന്തും അര്‍ഷ്ദീപും ഒന്നും അപ്പീല്‍ ചെയ്തതുമില്ല. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചത് അറിയാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ഷ്ദീപിന് അടുത്തെത്തി അത് ഔട്ട് അല്ലേ എന്ന് ചോദിച്ചു.
റിവ്യു എടുക്കാനായി അമ്പയറോട് രോഹിത് സിഗ്നല്‍ കാട്ടുകയും ചെയ്തു. എന്നാല്‍ ഈ സമയം തന്നെ ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനത്തിനെതിരെ ഇമാദ് വാസിം തന്നെ റിവ്യു എടുത്തിരുന്നു. ഇക്കാര്യം അമ്പയര്‍ രോഹിത്തിനോട് വിശദീകരിച്ചു. ഇമാദ് വാസിമിന്‍റെ റിവ്യൂവില്‍ അത് ക്യാച്ചാണെന്ന് വ്യക്തമാകുകയും ചെയ്തു. അവസാന പ്രതീക്ഷയായിരുന്ന ഇമാദ് വാസിമും വീണതോടെ പാകിസ്ഥാന്‍റെ പ്രതീക്ഷ കെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക