ദുബെയെ പരീക്ഷിച്ച് മതിയായി, രാഹുലും പുറത്തായേക്കും; ശ്രീലങ്കക്കെതിരായ ജീവൻമരണ പോരിൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യ

By Web TeamFirst Published Aug 5, 2024, 1:15 PM IST
Highlights

തോല്‍വിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെങ്കിലും മത്സരശേഷം മധ്യനിരയിലെ ബാറ്റിംഗ് പരാജയം പരിശോധിക്കുമെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗ് നിരയില്‍ മാറ്റമുണ്ടാകുമെന്നതിന്‍റെ സൂചയനാണ്.

കൊളംബോ: ശ്രീലങ്കക്കെതിരായ തുടര്‍ച്ചയായ 11 ഏകദിന പരമ്പര വിജയങ്ങള്‍ക്ക് ശേഷം തോല്‍വിയുടെ വക്കത്താണ് ഇന്ത്യൻ ടീം. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ടി20 പരമ്പര തൂത്തുവാരിയെങ്കിലും രോഹിത് ശര്‍മയും വിരാട് കോലിയും തിരിച്ചെത്തിയിട്ടും ഏകദിന പരമ്പരയില്‍ ഇന്ത്യക്ക ഇതുവരെ ഒരു വിജയം സ്വന്തമാക്കാനായില്ല. ആദ്യ മത്സരത്തില്‍ ജയത്തിന് ഒരു റണ്‍സകലെ രണ്ട് വിക്കറ്റ് നഷ്ടമാക്കി മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാന്‍ ഇന്ത്യക്കായില്ല. ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 97 റണ്‍സടിച്ചിട്ടും അവസാന 10 വിക്കറ്റുകള്‍ വെറും 101 റണ്‍സിന് നഷ്ടമാക്കിയാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

രണ്ട് മത്സരങ്ങളിലും രോഹിത് അര്‍ധസെഞ്ചുറി നേടിയെങ്കിലും മധ്യനിരയില്‍ വിരാട് കോലിയും കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ശിവം ദുബെയുമെല്ലാം പരാജയമായി. ആദ്യ മത്സരത്തില്‍ ജയത്തിന് ഒരു റണ്‍സകലെ ദുബെ പുറത്തായതാണ് മത്സരം ടൈ ആവാന്‍ കാരണമായത്. രണ്ടാം മത്സരത്തിലാകട്ടെ ദുബെ പൂജ്യനായി മടങ്ങി. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും രണ്ട് കളികളിലും ദുബെ വീണത് സ്പിന്നര്‍മാര്‍ക്ക് മുമ്പിലായിരുന്നു. ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും മധ്യനിരയില്‍ വലുതായൊന്നും ചെയ്യാനാവാഞ്ഞതും ഇന്ത്യക്ക് തിരിച്ചടിയായി.

Latest Videos

ബൗൾ ചെയ്യാൻ വന്നശേഷം ഒന്നല്ല രണ്ട് തവണ പറ്റിച്ചു; സ്ലിപ്പിൽ നിന്ന് വാഷിംഗ്ടൺ സുന്ദറിനെ 'അടിക്കാനോടി' രോഹിത്

തോല്‍വിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെങ്കിലും മത്സരശേഷം മധ്യനിരയിലെ ബാറ്റിംഗ് പരാജയം പരിശോധിക്കുമെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ മൂന്നാം ഏകദിനത്തില്‍ ബാറ്റിംഗ് നിരയില്‍ മാറ്റമുണ്ടാകുമെന്നതിന്‍റെ സൂചയനാണ്.

തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേടിലാവുമെന്നതിനാല്‍ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ വലിയ പരീക്ഷണത്തിന് മുതിരുമോ എന്നും സംശയിക്കുന്നവരുണ്ട്. എന്നാല്‍ ദുബെയും രാഹുലും മൂന്നാം ഏകദിനത്തില്‍ പുറത്തിരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ദുബെ പുറത്തിരുന്നാല്‍ റിയാന്‍ പരാഗിന് മൂന്നാം ഏകദിനത്തില്‍ അവസരം ലഭിക്കും. കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറായി പരീക്ഷിക്കാനും സാധ്യതയുണ്ട്. രണ്ടാം ഏകദിനത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിയാതിരുന്ന അര്‍ഷ്ദീപ് സിംഗിന് പകരം ഖലീല്‍ അഹമ്മദിനും അവസരം നല്‍കാൻ സാധ്യയുണ്ട്. ബുധനാഴ്ച പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!