മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമാവും.
ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കെത്താന്‍ മൂന്ന് ജയം കൂടി ഇന്ത്യന്‍ ടീമിന് വേണം. കിവീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യ ഓസ്‌ട്രേലിയയിലേക്കാണ് പറക്കുക. അവിടെ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കുക എളുപ്പമുള്ള കാര്യമായേക്കില്ല. അതുകൊണ്ടുതന്നെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് പ്രധാനമാണ്.
അവസാനദിനം 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രചിന്‍ രവീന്ദ്ര (39), വില്‍ യംഗ് (48) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 & ന്യൂസിലന്‍ഡ് 402, 108. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി. വ്യാഴാഴ്ച്ച പൂനെയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.
അതിന് മുമ്പ് ടീമില്‍ മൂന്ന് മാറ്റമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമാവും. ഒന്നാം ഇന്നിംഗ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ 12 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഫീല്‍ഡിംഗിലും മോശം പ്രകടനമായിരുന്നു താരത്തിന്റേത്. രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തും. ആദ്യ ടെസ്റ്റില്‍ പരിക്കിനെത്തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഫിറ്റ്നസ് വീണ്ടെടുത്ത താരം രണ്ടാം ടെസ്റ്റ് കളിച്ചേക്കും.
അതോടൊപ്പം, സര്‍ഫറാസ് ഖാനെ ആദ്യ ഇലവനില്‍ നിലനിര്‍ത്തും. ബെംഗളൂരുവില്‍ 150 റണ്‍സ് നേടി ടീമില്‍ അവകാശവാദം ഉന്നയിച്ചുരുന്നു താരം. അതുകൊണ്ടുതന്നെ സര്‍ഫറാസിന് മുകില്‍ രാഹുലിനെ കൊണ്ടുവരില്ല. രവീന്ദ്ര ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിനെ കൊണ്ട് വരാനുള്ള സാധ്യതയാണ് മറ്റൊന്ന്. ആദ്യ ഇന്നിംഗ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. പന്തെറിഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. പൂനെയില്‍ പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ആകാശ് ദീപ് ടീമിലെത്തും. കുല്‍ദീപ് യാദവിനെ ഒഴിവാക്കിയേക്കും.
തോല്‍വി വിളിച്ചുവരുത്തി, രോഹിത്തിന് സ്തുതി! ഇന്ത്യന്‍ ക്യാപ്റ്റനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയസ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.