638 ദിവസത്തിനുശേഷം ആദ്യ ഫിഫ്റ്റിയുമായി റിഷഭ് പന്ത്, കൂടെ ഗില്ലും; ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

By Web TeamFirst Published Sep 21, 2024, 12:11 PM IST
Highlights

രണ്ട് വര്‍ഷം മുമ്പുണ്ടായ കാര്‍ അപകടത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയശേഷമുള്ള റിഷഭ് പന്തിന്‍റെ ആദ്യ അര്‍ധസെഞ്ചുറിയാണ് ഇന്ന് നേടിയത്.

ചെന്നൈ: ബംഗ്ലാദേശേനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 86 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 82 റണ്‍സോടെ റിഷഭ് പന്തും ക്രീസില്‍. 227 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുള്ള ഇന്ത്യക്ക് ഏഴ് വിക്കറ്റ് കൈയിലിരിക്കെ 432 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.

രണ്ട് വര്‍ഷം മുമ്പുണ്ടായ കാര്‍ അപകടത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയശേഷമുള്ള റിഷഭ് പന്തിന്‍റെ ആദ്യ അര്‍ധസെഞ്ചുറിയും ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായതിന്‍റെ നിരാശ മാറ്റി തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് ഇന്ത്യ കുതിക്കുന്നത്. തലേന്ന് രാത്രി പെയ്ത മഴമൂലം തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്ന് കരുതിയ പിച്ചില്‍ സ്പിന്നര്‍മാരെ കടന്നാക്രമിച്ചാണ് പന്ത്-ഗില്‍ സഖ്യം മുന്നേറിയത്.

Pure elegance shot from shubman gill pic.twitter.com/27ChALq8nF

— BlueGreen Planet (@De_le_Vega)

Latest Videos

രണ്ട് സിക്സുകളിലൂടെ അര്‍ധസെഞ്ചുറിയിലെത്തിയ ഗില്ലും തന്‍റെ ട്രേഡ് മാര്‍ക്കായ ഒറ്റ കൈയന്‍ സിക്സ് പറത്തിയും പന്തും ബംഗ്ലാദേശ് സ്പിന്നര്‍മാരെ കടന്നാക്രമിച്ചു. 108 പന്തില്‍ മൂന്ന് സിക്സും ഒമ്പത് ബൗണ്ടറിയും പറത്തിയാണ് പന്ത് 82 റണ്‍സിലെത്തിയതെങ്കില്‍ 137 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും പറത്തിയാണ് ഗില്‍ 86 റണ്‍സുമായി ക്രീസിലുള്ളത്. ആദ്യ സെഷനിലെ 28 ഓവറില്‍ 124 റണ്‍സാണ് ഗില്ലും പന്തും ചേര്‍ന്ന് അടിച്ചെടുത്തത്. നേരത്തെ 72 റണ്‍സില്‍ നില്‍ക്കെ ഷാക്കിബിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് നജ്മുള്‍ ഹൊസൈൻ ഷാന്‍റോ നിലത്തിട്ടിരുന്നു. ശുഭ്മാന്‍ ഗില്‍ നല്‍കിയ അവസരം തൈജുള്‍ ഇസ്ലാമും കൈവിട്ടിരുന്നു. ഇരുവരും സെഞ്ചുറി പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!