ഒഡിഷ ക്യാപ്റ്റൻ ഇര്‍ഫാന്‍ പത്താന്‍ എറിഞ്ഞ അവസാന ഓവറില്‍ മണിപ്പാലിന് ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
ജോഥ്‌പൂര്‍: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഇര്‍ഫാന്‍ പത്താന്‍റെ മാസ്മരിക ബൗളിംഗ് പ്രകടനത്തില്‍ മണിപ്പാല്‍ ടൈഗേഴ്സിനെതിര കൊണാര്‍ക് സൂര്യാസ് ഒഡിഷക്ക് രണ്ട് റണ്‍സിന്‍റെ അവിശ്വസനീയ ജയം. ആദ്യം ബാറ്റ് ചെയ്ത ഒഡിഷ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തപ്പോള്‍ മണിപ്പാലിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഒഡിഷ ക്യാപ്റ്റൻ ഇര്‍ഫാന്‍ പത്താന്‍ എറിഞ്ഞ അവസാന ഓവറില്‍ മണിപ്പാലിന് ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
അനുരീത് സിംഗും ഒബസ് പിയെനാറുമായിരന്നു ക്രീസില്‍. ഇര്‍ഫാന്‍ പത്താന്‍റെ ആദ്യ പന്ത് വൈഡായതിന് പിന്നാലെ എറിഞ്ഞ പന്തില്‍ അനുരീത് സിംഗ് സിക്സ് പറത്തി. ഇതോടെ മണിപ്പാലിന്‍റെ വിജയലക്ഷ്യം അഞ്ച് പന്തില്‍ ആറ റണ്‍സായി. അടുത്ത പന്തില്‍ സിംഗിളെടുത്ത അനുരീത് സ്ട്രൈക്ക് പിയെനാറിന് കൈമാറി. മൂന്നാം പന്തില്‍ പിയെനാറിന് റണ്ണെടുക്കാനായില്ല. നാലാം പന്തില്‍ പിയെനാര്‍ സിംഗിളെടുത്തു. അഞ്ചാം പന്തില്‍ അനുരീതിന് സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു.
Irfan Pathan defended 5 runs in the last 5 balls in the LLC. 🤯🚨pic.twitter.com/4RbtgzrQRH
— Mufaddal Vohra (@mufaddal_vohra)
ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ മണിപ്പാലിന് ഒരു പന്തില്‍ മൂന്ന് റണ്‍സെന്ന നിലയിലായി.എന്നാല്‍ അവസാന പന്തില്‍ ഒബസ് പിയെനാറിന്‍റെ തകര്‍പ്പന്‍ ഷോട്ട് അംബാട്ടി റായുഡു ബൗണ്ടറിവരെ ഓടിപ്പിടിച്ചതോടെ കൊണാര്‍ക്ക് രണ്ട് റണ്‍സിന്‍റെ അവിശ്വസനീയ വിജയം സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊണാര്‍ക്കിനായി 18 റണ്‍സെടുത്ത ഇര്‍ഫാന്‍ പത്താന്‍ തന്നെയാണ് ടോപ് സ്കോററായത്. നവിന്‍ സ്റ്റുവര്‍ട്ട്(17), റോസ് ടെയ്‌ലര്‍(14), മുനവീര(11), വിനയ് കുമാര്‍(11) എന്നിവര്‍ മാത്രമാണ് കൊണാര്‍ക്ക് നിരയില്‍ രണ്ടക്കം കടന്നത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ 38-6ലേക്ക് കൂപ്പുകുത്തിയെങ്കിലും ഡാനിയല്‍ ക്രിസ്റ്റ്യന്‍(30), ഒബസ് പിയേനാര്‍(24 പന്തില്‍ 34) അസേല ഗുണരത്നെ(13) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മണിപ്പാല്‍ ലക്ഷ്യത്തിന് അടുത്തെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക