സച്ചിനെപ്പോലും പിന്നിലാക്കി റെക്കോർഡിട്ടിട്ടു, എന്നിട്ടും 12കാരൻ വൈഭവ് സൂര്യവൻശിക്ക് ബിഹാർ രഞ്ജി ടീമിൽ ഇടമില്ല

By Web TeamFirst Published Oct 9, 2024, 4:52 PM IST
Highlights

വര്‍ഷങ്ങളായി തുടരുന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും തമ്മിലുള്ള അധികാര പോരിന്‍റെ ഇരയായി വൈഭവ് സൂര്യവന്‍ശി.

പറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള 20 അംഗ ബിഹാര്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പറ്റ്ന കോടതി ഉത്തരവിന്‍റെ ബലത്തില്‍ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് രാകേഷ് തിവാരിയുടെ നേതൃത്വത്തിലാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ 58 പന്തില്‍ സെഞ്ചുറി നേടി ഫസ്റ്റ് ക്ലാസ് സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡിട്ട 12കാരന്‍ വൈഭവ് സൂര്യവന്‍ശിക്ക് ടീമിലിടം ലഭിച്ചില്ല. 11ന് ഹരിയാനക്കെതിരെയാണ് രഞ്ജി ട്രോഫിയില്‍ ബിഹാറിന്‍റെ ആദ്യ മത്സരം.

നാടകീയമായ ഒട്ടേറെ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് ബിഹാര്‍ രഞ്ജി ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അമിത് കുമാറിന്‍റെ നേതൃത്വത്തിലും രഞ്ജി ടീമിനെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അമിത് കുമാറിനെ പറ്റ്ന ഹൈക്കോടതി നീക്കിയതോടെ പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ഇപ്പോഴത്തെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Videos

ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ, മത്സരം സൗജന്യമായി കാണാൻ ഈ വഴികള്‍; സമയം

വര്‍ഷങ്ങളായി അസോസിയേഷന്‍ പ്രസിഡന്‍റും സെക്രട്ടറിയും തമ്മിലുള്ള അധികാര പോരിന്‍റെ പേരില്‍ പ്രശ്നത്തിലായ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നോക്കാനായി ജസ്റ്റിസ് ശൈലേഷ് കുമാർ സിന്‍ഹയെ പറ്റ്ന ഹൈക്കോടതി ഓഗസ്റ്റില്‍ ഓംബുഡ്സ്മാനായി നിയമിച്ചിരുന്നു. സെക്രട്ടറി സ്ഥാനത്തു നിന്ന് അമിത് കുമാറിനെ നീക്കിയ പ്രസിഡന്‍റ് രാകേഷ് തിവാരിയുടെ നടപടി ജസ്റ്റിസ് ശൈലേഷ് കുമാര്‍ സിന്‍ഹ റദ്ദാക്കുകയും അമിത് കുമാറിനെ വീണ്ടും ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. ഒപ്പം പുതിയ സെലക്ഷന്‍ കമ്മിറ്റിയെയും പ്രഖ്യാപിച്ചു. ഈ സെലക്ഷന്‍ കമ്മിറ്റി രഞ്ജി ടീമിനെ തെരഞ്ഞെടുത്ത് പരിശീലന ക്യാംപും നടത്തി.

എന്നാല്‍ തന്നെ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ അമിത് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പറ്റ്ന ഹൈക്കോടതി തളളിയതിനൊപ്പം ജസ്റ്റിസ് സിന്‍ഹയെ ഓംബുഡ്സ്മാന്‍ സ്ഥാനത്തു നിന്നും നീക്കിയതോടെയാണ് മധുസൂദന്‍ തന്തുബായിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി രഞ്ജി ട്രോഫിക്കായി പുതിയൊരു ടീമിനെ ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ പറ്റ്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അമിത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അവനെ 18 കോടി കൊടുത്ത് നിലനിർത്തേണ്ട കാര്യമില്ല, രാജസ്ഥാൻ നിലനിർത്തേണ്ട 5 താരങ്ങളുടെ ലിസ്റ്റുമായി മുൻ താരം

കഴിഞ്ഞ വര്‍ഷം ജനവുരിയിലേതുപോലെ ഇത്തവണയും സെക്രട്ടറി അമിത് കുമാറിന്‍റെ നേതൃത്വത്തിലും പ്രസിഡന്‍റ് രാകേഷ് ത്രിവേദിയുടെ നേതൃത്വത്തിലും രണ്ട് വ്യത്യസ്ത ടീമുകളെ തെരഞ്ഞെടുക്കുകയും രണ്ട് ടീമിനായും വ്യത്യസ്ത പരിശീലന ക്യാംപ് നടത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സമാനമായി മുംബൈക്കെതിരായ മത്സരത്തിനായി ബിഹാറിന്‍റെ രണ്ട് ടീമുകള്‍ മത്സരിക്കാനായി ഗ്രൗണ്ടിലെത്തിയത് ബിഹാര്‍ ക്രിക്കറ്റിന് തന്നെ നാണക്കേടായിരുന്നു. പിന്നീട് കോടതി ഉത്തരവോടെ ഒരു ടീം മത്സരിക്കുകയായിരുന്നു.

രഞ്ജി ട്രോഫിക്കുള്ള ബിഹാർ ടീം: വീർ പ്രതാപ് സിംഗ് (ക്യാപ്റ്റൻ), ഷാക്കിബുൾ ഗനി (വൈസ് ക്യാപ്റ്റൻ), ബിപിൻ സൗരഭ്, ആകാശ് രാജ്, ശ്രമൺ നിഗ്രോദ്, ബാബുൽ കുമാർ, ആയുഷ് ലോഹറുക, രാഘവേന്ദ്ര പ്രതാപ് സിംഗ്, മായങ്ക് ചൗധരി, ഹിമാൻഷു. സിംഗ്, സച്ചിൻ കുമാർ സിംഗ്, അഭിജീത് സാകേത്, അനുജ് രാജ്, ഷാക്കിബ് ഹുസൈൻ, ഷബ്ബീർ ഖാൻ, റിഷവ് രാജ്, ഹർഷ് വിക്രം സിംഗ്, ജിതിൻ കുമാർ യാദവ്, യശ്പാൽ യാദവ്, ഋഷി രാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!