രഞ്ജി ട്രോഫി: കേരളത്തിനെതിരെ തകര്‍ന്നടിഞ്ഞ് പഞ്ചാബ്, 100 റണ്‍സെത്തും മുമ്പെ 5 വിക്കറ്റ് നഷ്ടം

By Web TeamFirst Published Oct 11, 2024, 3:36 PM IST
Highlights

രഞ്ജി ട്രോഫിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരളം-പഞ്ചാബ് മത്സം മഴമൂലം നിര്‍ത്തിവെച്ചു. പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം മഴമൂലം കളി നിര്‍ത്തിവെക്കുമ്പോള്‍ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സോടെ രമണ്‍ദീപ് സിംഗും ആറ് റണ്‍സുമായി കൃഷ് ഭഗത്തുമാണ് ക്രീസില്‍. കേരളത്തിനായി മൂന്ന് വിക്കറ്റെടുത്ത ആദിത്യ സര്‍വാതെയും രണ്ട് വിക്കറ്റെടുത്ത ജലജ് സക്സേനയുമാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കിയത്.

ടോസ് നേടി ക്രീസിലിറങ്ങിയ പ‍ഞ്ചാബിന് ആദ്യ ഓവറില തിരിച്ചടിയേറ്റു. അക്കൗണ്ട് തുറക്കും മുമ്പെ അഭ്യ് ചൗധരിയെ ആദിത്യ സര്‍വാതെ ക്യാപ്റ്റൻ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചു. നമാന്‍ ദിറും അൻമോല്‍പ്രീത് സിംഗും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദിറിനെ(10) മടക്കി സര്‍വാതെ തന്നെ പഞ്ചാബിനെ ബാക്ക് ഫൂട്ടിലാക്കി. പിന്നാലെ ക്യാപ്റ്റന്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ(12) സര്‍വാതെ ബൗള്‍ഡാക്കിയതോടെ പഞ്ചാബ് 37-3ലേക്ക് കൂപ്പുകുത്തി.

Latest Videos

റൂട്ട് ഡബിളും ബ്രൂക്ക് ട്രിപ്പിളുമടിച്ചപ്പോൾ 'സെഞ്ചുറി'അടിച്ചത് 6 ബൗളർമാർ; നാണക്കേടിന്‍റെ പടുകുഴിയിൽ പാകിസ്ഥാൻ

പിന്നീട് എത്തിയ നെഹാല്‍ വധേരയെ(9) ജലജ് സക്സേന ബൗള്‍ഡാക്കിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച അന്‍മോല്‍പ്രീതിനെയും(28) ജലജ് തന്നെ വീഴ്ത്തി പഞ്ചാബിനെ 62-5ലേക്ക് തള്ളിയിട്ട് കൂട്ടത്തകര്‍ച്ചയിലാക്കി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന രമണ്‍ദീപ് സിംഗും(28), കൃഷ് ഭഗത്തും(6) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ പഞ്ചാബിനെ 96 റണ്‍സിലെത്തിച്ചു. 56 പന്തുകളിലാണ് കൃഷ് ഭഗത് ആറ് റണ്‍സെടുത്തത്. ആദ്യദിനം മഴമൂലം പലവട്ടം മത്സരം തടസപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!