കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ തീര്‍ന്നു; വമ്പന്‍ പ്രതീക്ഷയുമായെത്തിയ താരം ടീമിന് പുറത്തേക്ക്

By Web TeamFirst Published Feb 29, 2024, 7:32 AM IST
Highlights

കെ എല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്താല്‍ രജത് പാടിദാറിനെ ഇന്ത്യന്‍ സ്ക്വാഡില്‍ നിലനിര്‍ത്തില്ല

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡ് സെലക്ഷന്‍ സംബന്ധിച്ച് ബിസിസിഐ സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം. മധ്യനിര ബാറ്റര്‍ കെ എല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്താല്‍ രജത് പാടിദാര്‍ പുറത്താവും. എന്നാല്‍ രാഹുലിന്‍റെ പരിക്ക് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധനകള്‍ക്കായി ലണ്ടനിലാണ് താരം നിലവിലുള്ളത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധനകളില്‍ സാരമായ പരിക്ക് കണ്ടെത്തിയില്ലെങ്കിലും കാലില്‍ വേദന താരം ചൂണ്ടിക്കാണിക്കുന്നതാണ് കുഴയ്ക്കുന്നത്.  

കെ എല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്താല്‍ രജത് പാടിദാറിനെ ഇന്ത്യന്‍ സ്ക്വാഡില്‍ നിലനിര്‍ത്തില്ല. ഇന്ത്യ എയ്ക്കായി പുറത്തെടുത്ത മികച്ച പ്രകടനങ്ങളോടെ ടെസ്റ്റ് ടീമിലേക്ക് ക്ഷണം കിട്ടിയ പാടിദാര്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറി നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇറങ്ങിയ ആറ് ഇന്നിംഗ്‌സുകളില്‍ 63 റണ്‍സേ നേടാനായുള്ളൂ. 32 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍ എങ്കില്‍ രണ്ട് തവണ താരം പൂജ്യത്തില്‍ പുറത്തായി. രജത് പാടിദാറിനെ ഇന്ത്യന്‍ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കി രഞ്ജി ട്രോഫി കളിപ്പിക്കാനാണ് ആലോചന. ശ്രേയസ് അയ്യര്‍ പുറത്തിരിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഫോം തെളിയിച്ചാല്‍ വീണ്ടും പാടിദാറിന് ടെസ്റ്റ് സ്ക്വാഡിലെത്താന്‍ കഴിയുന്നതേയുള്ളൂ. 

Latest Videos

വിദഗ്ദ പരിശോധനകള്‍ക്കായി നിലവില്‍ ലണ്ടനിലുള്ള കെ എല്‍ രാഹുലിനെ ധരംശാല ടെസ്റ്റില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ബിസിസിഐ മാര്‍ച്ച് രണ്ടാം തിയതി തീരുമാനം കൈക്കൊള്ളും. രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്താല്‍ ഇതേ ദിനം രഞ്ജി ട്രോഫിയില്‍ വിദര്‍ഭക്കെതിരെ ആരംഭിക്കുന്ന സെമിഫൈനലില്‍ മധ്യപ്രദേശിനായി രജത് പാടിദാറിന് ഇറങ്ങാനാകും. അതേസമയം രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ പാടിദാര്‍ ടെസ്റ്റ് സ്ക്വാഡില്‍ തുടരും. മാര്‍ച്ച് ഏഴാം തിയതി ധരംശാലയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് തുടങ്ങുക. പരമ്പര 3-1ന് ഇതിനകം ടീം ഇന്ത്യ നേടിയിട്ടുണ്ട്.  

Read more: ഇംഗ്ലണ്ടിന്‍റെ ഉള്ള സമാധാനവും പോയിക്കിട്ടും; ധരംശാല ടെസ്റ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ മടങ്ങിവരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!